ഏകീകരണം വിദ്യാഭ്യാസനിലവാരം തകർക്കും: ജോസഫ് ടാജറ്റ്
1579237
Sunday, July 27, 2025 7:25 AM IST
തൃശൂർ: സംസ്ഥാനസർക്കാരിന്റെ വികലമായ വിദ്യാഭ്യാസപരിഷ്കരണങ്ങളും അനവസരത്തിലെടുക്കുന്ന തീരുമാനങ്ങളും കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെയും ഹയർ സെക്കൻഡറി മേഖലയെയും തകർച്ചയിലേക്കു നയിക്കുകയാണെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചു. എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഎച്ച്എസ് ടിഎ) കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കീം പ്രവേശനത്തിലടക്കം കേരള സിലബസിലെ കുട്ടികൾക്കു തിരിച്ചടി നേരിട്ടതു സർക്കാരിന്റെ ഒത്തുകളിയുടെ തെളിവാണ്. ഏകീകരണത്തിന്റെ പേരിൽ ഹയർ സെക്കൻഡറി മേഖലയെ ഇല്ലായ്മ ചെയ്യാനുള്ള സർക്കാർനീക്കം പൊതുവിദ്യാഭ്യാസത്തെ തകർത്തു സിബിഎസ്ഇ സ്കൂളുകളെ സഹായിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഹയർ സെക്കൻഡറി ജൂണിയർ അധ്യാപകർക്കു സമയബന്ധിതമായി സീനിയർ കേഡർ അനുവദിക്കുക, ഹൈസ്കൂൾ - ഹയർ സെക്കൻഡറി ഏകീകരണം പിൻവലിക്കുക, പ്രിൻസിപ്പൽപദവിയിൽ ഹയർ സെക്കൻഡറി അധ്യാപകരെമാത്രം നിയമിക്കുക, ശമ്പളപരിഷ്കരണം നടപ്പാക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ധർണ നടത്തിയത്.
കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ മുഖ്യാതിഥിയായി. കെ.എ. വർഗീസ് മുഖ്യപ്രഭാഷണവും നീൽ ടോം ആമുഖപ്രഭാഷണവും നടത്തി. എഎച്ചഎസ്ടിഎ ജില്ലാ പ്രസിഡന്റ് എൽ. മജുഷ് അധ്യക്ഷനായി.