മരക്കമ്പനിയില്‍ തീപിടിത്തം: പോലീസിന്റെ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി
1579218
Sunday, July 27, 2025 7:25 AM IST
ഇരിങ്ങാലക്കുട: മരക്കമ്പനിയില്‍ പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ പോലീസിന്റെ സമയോചിത ഇടപെടലില്‍ വലിയ ദുരന്തം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ ഏകദേശം മൂന്നോടെ കോഴിക്കോട് ഡ്യൂട്ടിക്കായി പോകുന്നതിനായി ഇരിങ്ങാലക്കുട സ്റ്റേഷനിലേക്ക് വരികയായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അജിത്ത് മാപ്രാണത്ത് മരക്കമ്പനിയില്‍ നിന്ന് തീ പോലെ ഒരു വെളിച്ചം ശ്രദ്ധിച്ചത്. ഉടനെതന്നെ സംശയം തോന്നിയ അജിത്ത് നൈറ്റ് പട്രോള്‍ ഡ്യൂട്ടിയിലായിരുന്ന സബ് ഇന്‍സ്പെക്ടര്‍ രാജുവിനെ വിവരം അറിയിച്ചു.
സബ് ഇന്‍സ്പെക്ടര്‍ രാജുവും ഡ്രൈവര്‍ ഡ്യൂട്ടിയിലായിരുന്ന കൃഷ്ണദാസും ചേര്‍ന്ന് ഉടന്‍ സംഭവസ്ഥലത്ത് എത്തി. സംഭവസ്ഥലത്തെ പരിശോധിച്ചപ്പോള്‍ മരക്കമ്പനിയില്‍ തീ പടര്‍ന്നതായി കാണുന്നത്. ഉടന്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും അതുവരെ കാത്തുനില്‍ക്കാതെ പോലീസ് സംഘം തന്നെ തീ അണയ്ക്കുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്സ് എത്തുകയും അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് പൂര്‍ണമായും തീ അണച്ചു. പോലീസ് ഇടപെട്ടതിന്റെ ഫലമായി വലിയൊരുദുരന്തം ഒഴിവായി.