ലോറികളുടെ ഡ്രൈവർമാർ തമ്മിൽ തർക്കം; ഒരാൾക്കു കുത്തേറ്റു
1579228
Sunday, July 27, 2025 7:25 AM IST
ആമ്പല്ലൂർ: ദേശീയപാതയിൽ അപകടത്തിൽപ്പെട്ട ലോറികളുടെ ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്കു കുത്തേറ്റു. മാടക്കത്തറ സ്വദേശി കുളങ്ങരപ്പറമ്പിൽ വീട്ടിൽ സുരേഷിന്റെ മകൻ റിതു (33)വിനാണു കുത്തേറ്റത്. തോളിൽ കുത്തേറ്റ റിതു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തതുടർന്ന് ലോറിയുമായി രക്ഷപ്പെട്ട മൂവാറ്റുപുഴ സ്വദേശി അജ്മലി (35)നെ പോലീസ് പൊങ്ങത്തുനിന്ന് പിടികൂടി.
ശനിയാഴ്ച രാവിലെ ഒമ്പതിന് ആമ്പല്ലൂരിൽയിരുന്നു സംഭവം. പാലക്കാട്ടുനിന്ന് കൊടകരയിലേക്കു മെറ്റലുമായി വന്ന റിതുവിന്റെ ടോറസിൽ ആമ്പല്ലൂർ അടിപ്പാതക്കുസമീപം അജ്മലിന്റെ ലോറി ഇടിക്കുകയായിരുന്നു. ഇതിനെ തുടർന്ന് രണ്ടുപേരും വാക്കുതർക്കമുണ്ടായി.
പിന്നീട് മുന്നോട്ടെടുത്ത ടോറസിന് കുറുകെ ലോറി നിർത്തി പുറത്തിറങ്ങിയ അജ്മൽ സ്ക്രൂഡ്രൈവർകൊണ്ട് റിതുവിനെ ആക്രമിച്ചു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പിടിച്ചുമാറ്റുന്നതിനിടെ അജ്മൽ ലോറിയിൽനിന്ന് കത്തിയെടുത്ത് റിതുവിനെ കുത്തുകയായിരുന്നു. പ്രതി നാലുതവണ റിതുവിന്റെ ചുമലിൽ കുത്തി. നാട്ടുകാർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ലോറിയെടുത്ത് രക്ഷപ്പെട്ടു. സംഭവമറിഞ്ഞെത്തിയ പോലീസ് തുടർന്ന് ദേശീയപാതയിൽ പൊങ്ങത്തുനിന്ന് കൊരട്ടി പോലീസ് ലോറി പിടികൂടി, അജ്മലിനെ പുതുക്കാട് പോലീസിനു കൈമാറി.