വാടാനപ്പിള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷം
1579233
Sunday, July 27, 2025 7:25 AM IST
വാടാനപ്പിള്ളി: വാടാനപ്പിള്ളി ബീച്ചിലുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ നിരവധി വീടുകൾ വെള്ളത്തിലായി. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി. സീവാൾ റോഡും തകർന്നു.
വീടിനുള്ളിൽ വെള്ളം കയറുകയും തകരുകയും ചെയ്ത വടക്കൻ കുഞ്ഞയ്യപ്പക്കുട്ടിയുടെ വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു. ശക്തമായ തിരമാലയിൽ വെള്ളം ആഞ്ഞടിച്ചു വീടുകളിലേക്കു കയറുകയായിരുന്നു. കര തുരന്ന് തിര ആഞ്ഞടിച്ചതോടെയാണ് തെങ്ങുകൾ കടപുഴകിയത്.
കടലോരമേഖലയിലെ വീടുകളിലും പറമ്പിലും വെള്ളം കെട്ടിനിൽക്കുകയാണ്. ഇനിയും കടലാക്രമണം ശക്തമായാൽ വീടുകൾ തകരുമെന്ന അവസ്ഥയാണ്. വാടാനപ്പിള്ളി ബീച്ച് മുതൽ പൊക്കാഞ്ചേരി ബീച്ച് വരെയാണ് കടലാക്രമണം രൂക്ഷം.
കടലാക്രമണവിവരമറിഞ്ഞ് തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ.സി. പ്രസാദ്, വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, പഞ്ചായത്തംഗങ്ങളായ സി.എം. നിസാർ, നൗഫൽ വലിയകത്ത്, വാടാനപ്പിള്ളി വില്ലേജ് ഓഫീസർ എന്നിവർ പ്രദേശം സന്ദർശിച്ചു. കുടുംബങ്ങളെ ക്യാമ്പിലേക്കു മാറ്റിത്താമസിപ്പിക്കാൻ തയാറായെങ്കിലും മാറിത്താമസിക്കാൻ താൽപ്പര്യമില്ലെന്നു കുടുംബങ്ങൾ അറിയിച്ചു.