ഒല്ലൂർ നിയോജകമണ്ഡലത്തിലെ വനമേഖലയിൽമാത്രം 2261 പട്ടയങ്ങൾ വിതരണം ചെയ്തു: മന്ത്രി കെ. രാജൻ
1579234
Sunday, July 27, 2025 7:25 AM IST
പുത്തൂർ: ഒല്ലൂർ നിയോജകമണ്ഡലം മലയോര പട്ടയമേള മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ് തു. നാലുവർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് രണ്ടേകാൽ ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തതായി മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. 2011 -16 കാലയളവിൽ ഒല്ലൂർ നിയോജകമണ്ഡലത്തിൽ 18 പട്ടയങ്ങൾ വിതരണം ചെയ്ത സ്ഥാനത്ത് 2021 മുതലുള്ള കാലയളവിൽ ഒല്ലൂർ നിയോജക മണ്ഡലത്തിലെ വനമേഖലയിൽമാത്രം 2261 പട്ടയങ്ങൾ വിതരണം ചെയ്യാനായതായി മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ റവന്യൂ വകുപ്പ് ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്. തൃശൂർ ജില്ലയിൽ കാലപ്പഴക്കംകൊണ്ടും നിയമപരമായ പ്രശ്നങ്ങൾകൊണ്ടും സങ്കീർണത നിറഞ്ഞതായിരുന്നു വനഭൂമി പട്ടയപ്രശ്നങ്ങൾ.
മലയോരമേഖലയിലെ ജനങ്ങളുടെ പട്ടയവിഷയത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയതിന്റെ ഫലമായി തയാറായ ഒല്ലൂർ മണ്ഡലത്തിലെ മലയോര കുടിയേറ്റക്കാർക്കുള്ള പട്ടയങ്ങളാണു വിതരണം ചെയ്തത്.
ഒല്ലൂർ നിയോജക മണ്ഡലത്തിലെ ഏഴു വില്ലേജുകളിൽ നിന്നായി 153 പട്ടയങ്ങളാണ് വിതരണം ചെയ്തത്. പീച്ചി വില്ലേജിൽ 45 പട്ടയങ്ങളും മാന്ദാമംഗലം വില്ലേജിൽ 27 പട്ടയങ്ങളും കൈനൂർ വില്ലേജിൽ 27 പട്ടയങ്ങളും പാണഞ്ചേരി വില്ലേജിൽ 26 പട്ടയങ്ങളും മാടക്കത്തറ വില്ലേജിൽ 21 പട്ടയങ്ങളും പുത്തൂർ വില്ലേജിൽ ആറ് പട്ടയങ്ങളും മുളയം വില്ലേജിൽ ഒരു പട്ടയവുമാണ് വിതരണം ചെയ്തത്.
പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ അഖിൽ വി. മേനോൻ, ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, പുത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. സജിത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എൻ. രാജേഷ്, ടി.എസ്. മുരളീധരൻ, ജോസ് മുതുക്കാട്ടിൽ, എ.വി. കുര്യൻ, ജോസ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.