കാറ്റ് മഴ: വടക്കാഞ്ചേരി, കാരമുക്ക്, ചേർപ്പ്, എരുമപ്പെട്ടി എന്നിവിടങ്ങളിൽ വീടുകൾ തകർന്നു
1579235
Sunday, July 27, 2025 7:25 AM IST
വടക്കാഞ്ചേരി
കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വടക്കാഞ്ചേരിയിലും സമീപപ്രദേശങ്ങളിലും മരങ്ങൾവീണ് വീടുകൾ തകർന്നു. തലശേരി കുമ്പനിവളപ്പിൽ ആസിയയുടെ വീട് തെങ്ങുവീണാണ് തകർന്നത്. ആർക്കും പരിക്കില്ല. ആസിയയും മകളും കുട്ടികളുമാണ് വീട്ടിൽ താമസിച്ചിരുന്നത്.
തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ വാഴക്കോട് മരം പൊട്ടിവീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ ഹൈവേ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
എരുമപ്പെട്ടി
ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടി കോട്ടപ്പുറത്ത് വീട് തകർന്നുവീണു. കണ്ണംപാറ മേലേതിൽ പരമേശ്വരന്റെ ഓടുമേഞ്ഞ വീടാണ് ഇന്നലെ പുലർച്ചെ നാലോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നുവീണത്.
പഞ്ചായത്തിന്റെ അതിദാരിദ്ര്യ പട്ടികയിലുള്ള വ്യക്തിയാണ് പരമേശ്വരൻ. തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. വീട്ടിലുണ്ടായിരുന്ന പരമേശ്വരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാൽ, വാർഡ് മെമ്പർ റിജി ജോർജ് എന്നിവരും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലംസന്ദർശിച്ചു.
കണ്ടശാംകടവ്
ശക്തമായ കാറ്റിലും മഴയിലും വൻമരം ഒടിഞ്ഞുവീണ് വീടിനു കേടുപാടുകള് സംഭവിച്ചു. കാരമുക്ക് പൂവശ്ശേരി പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിനുസമീപം ചുള്ളിയിൽ ഷാജുവിൻന്റെ വീടിന്റെ മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്. ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. ഈ സമയം ഷാജുവും ഭാര്യയും മക്കളും അകത്തുണ്ടായിരുന്നു. ശബ്ദംകേട്ട് ഇവർ പുറത്തേക്കിറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. വീടിനു ഭാഗികമായി കേടുസംഭവിച്ചു.
ചേർപ്പ്
ശക്തമായ കാറ്റിലും മഴയിലും ചേർപ്പ് ഹെർബർട്ട് കനാൽ പ്രദേശത്ത് മരങ്ങൾ കടപുഴകി വീണു. വീടുകൾ ഭാഗികമായി തകർന്നു. കൂക്കപ്പറമ്പിൽ മണികണ്ഠൻ, കണ്ണോളി സുധൻ എന്നിവരുടെ വീടുകളുടെ മേൽക്കൂരയും മുകൾ ഭാഗത്തെ ട്രസ് ഷീറ്റുകളുമാണ് തകർന്നുവീണത്. ഇന്നലെ രാവിലെ ആറരയോടെയാണ് ചുഴലിക്കാറ്റുപോലെപ്രദേശമാകെ വീശിയതെന്ന് വീട്ടുടമ സുധൻ പറഞ്ഞു. ഇയാളുടെ വീടിന്റെ മുകളിലെ കോൺക്രീറ്റ് ഭിത്തികളും സിമന്റ് കട്ടകളും താഴേക്കുതകർന്നുവീണു.
ആർക്കും ആളപായമില്ല. പലയിടത്തും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. തൃശൂർ, തൃപ്രയാർ സംസ്ഥാന പാതയിൽ ഹെർബർട്ട് കനാലിനുസമീപം വഴിയോരത്ത് നിന്നിരുന്ന മരം ഒടിഞ്ഞു വീണു. വൻ അപകടം ഒഴിവായി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. മേഖലയിൽ വൈദ്യുതിബന്ധവും തകരാറിലായി. ഗതാഗത തടസവും ഭാഗികമായി നേരിട്ടു.
പശുത്തൊഴുത്തും കോഴിക്കൂടും തകർന്നു
എരുമപ്പെട്ടി: ശക്തമായ കാറ്റിലും മഴയിലും മങ്ങാട് പശുത്തൊഴുത്തും കോഴിക്കൂടും തകർന്നു. വടക്കുമുറി പട്ടിക്കാട്ടിൽ മുരളിയുടെ പശുത്തൊഴുത്തും തൊഴുത്തിനോടുചേർന്നുള്ള പുല്ല് ശേഖരിച്ചുവയ്ക്കുന്ന മുറിയും കോഴിക്കൂടുമാണു തകർന്നത്. അപകടം നടക്കുന്ന സമയത്ത് പശുക്കളെ തീറ്റയ്ക്കായി തൊട്ടടുത്ത പറമ്പിലേക്ക് കൊണ്ടുപോയിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാർഡ് മെമ്പർ ഇ.എസ്. സുരേഷ് സ്ഥലത്തെത്തി.