പോലീസ് ഫുട്ബോൾ അക്കാദമി രൂപീകരിക്കാൻ തീരുമാനം
Wednesday, February 24, 2021 11:50 PM IST
തിരുവനന്തപുരം: മലബാർ സ്പെഷൽ പോലീസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എംഎസ്പി കാന്പസിൽ കേരള പോലീസ് ഫുട്ബോൾ അക്കാഡമി രൂപീകരിക്കാൻ തീരുമാനിച്ചു. അക്കാഡമിയുടെ ഡയറക്ടറായി ഫുട്ബോൾ താരവും കേരള പോലീസിലെ ഉദ്യോഗസ്ഥനുമായ ഐ.എം. വിജയനെ നേരത്തെ നിയമിച്ചിരുന്നു.
അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകാനാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. 25 വിദ്യാർഥികൾ വീതമുള്ള രണ്ടു ബാച്ചുകളെയാണ് തെരഞ്ഞെടുക്കുക. ഇവർക്ക് എംഎസ്പി സ്കൂളിൽ പ്രവേശനം നൽകും. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. പോലീസ് വകുപ്പിലുള്ള അന്തർദേശീയ കായിക താരങ്ങളെ പരിശീലകരായി നിയമിക്കും.
ആദ്യ ബാച്ചിന്റെ പരിശീലനം മേയ് ഒന്നിന് ആരംഭിക്കും. സെലക്ഷൻ ട്രയൽസിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുക്കുക.