സൈബർ തട്ടിപ്പ് ; തൃശൂർ സ്വദേശികൾക്കു നഷ്ടപ്പെട്ടത് 37.64 ലക്ഷം
Saturday, August 30, 2025 2:13 AM IST
തൃശൂർ: ടെലിഗ്രാം ആപ്ലിക്കേഷനിലൂടെ തൊഴിൽ, സ്വർണ - വജ്രലേലത്തിലൂടെ വൻതുക സന്പാദിക്കാമെന്നു വാഗ്ദാനംചെയ്തു തൃശൂർ സ്വദേശികളായ രണ്ടുപേരിൽനിന്നു ലക്ഷങ്ങൾ തട്ടിയെന്നു പരാതി. അരണാട്ടുകര, ചേലക്കര സ്വദേശികളിൽനിന്ന് 37.64 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ന്യൂസിലൻഡ് ഗോൾഡ് മർച്ചന്റ്സ് എന്ന കന്പനിയുടെ പേരിൽ സ്വർണം, വെള്ളി, വജ്രം എന്നിവയുടെ ലേലം നടത്തുന്നുണ്ടെന്നും മികച്ച കമ്മീഷൻ ലഭിക്കുമെന്നും വിശ്വസിപ്പിച്ച് 23,74,564 രൂപ അരണാട്ടുകര സ്വദേശിയായ യുവതിയിൽനിന്നു തട്ടിയെടുത്തു. മേയ് 30 മുതൽ ജൂണ്‍ 25 വരെ പത്ത് ബാങ്ക് അക്കൗണ്ടുകളിലേക്കാണു പണം കൈമാറിയത്.
പണവും ലാഭവിഹിതവും തിരികെ ലഭിക്കാതെ വന്നതോടെയാണു സൈബർ പോലീസിൽ പരാതി നൽകിയത്.
കെട്ടിടങ്ങളുടെ വാടക, ലീസ് കരാറുകൾ ഓണ്‍ലൈൻവഴി ചെയ്തു പണം സന്പാദിക്കാമെന്നു വിശ്വസിപ്പിച്ചാണ് ചേലക്കര സ്വദേശിയായ യുവാവിൽനിന്ന് 14,67,263 രൂപ തട്ടിയെടുത്തത്.
മേയ് ഒന്പതുമുതൽ 23 വരെ വിവിധ അക്കൗണ്ടുകളിലേക്കു പണം അയച്ചുവാങ്ങുകയായിരുന്നു.