യുഎൻഎ തട്ടിപ്പ്: ജാസ്മിൻ ഷായ്ക്കും സംഘത്തിനും ലുക്ക്ഒൗട്ട് സർക്കുലർ
Friday, September 20, 2019 12:54 AM IST
തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) സാന്പത്തിക തട്ടിപ്പ് കേസിൽ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പെടെ നാലുപേർക്കെതിരേ ലുക്ക്ഒൗട്ട് സർക്കുലർ പുറത്തിറക്കി. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ലുക്ക് ഒൗട്ട് സർക്കുലർ പുറത്തിറക്കിയത്.
ഇതോടെ രാജ്യത്തെ ഏത് വിമാനത്താവളത്തിലെത്തിലും തുറമുഖത്തിലും പ്രതികളെ തടഞ്ഞുവയ്ക്കാനും പിടികൂടാനും കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറാനും കഴിയും. വിമാനത്താവള അധികൃതർക്കും തുറമുഖ അധികൃതർക്കും സർക്കുലർ കൈമാറി.
പ്രതികൾ വിദേശത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതിനാലാണു പ്രതികൾ രാജ്യത്ത് എത്തിയാൽ അറസ്റ്റിലാകുന്ന വിധത്തിൽ ലുക്ക്ഒൗട്ട് സർക്കുലറിനായി കേന്ദ്രത്തെ സമീപിച്ചത്. ജാസ്മിൻ ഷായ്ക്ക് പുറമെ കേസിലെ രണ്ടാം പ്രതിയും യുഎൻഎ സംസ്ഥാന പ്രസിഡന്റുമായ ജോബി ജോസഫ്, ജാസ്മിൻ ഷായുടെ ഡ്രൈവർ നിതിൻ മോഹൻ, ഓഫീസ് സ്റ്റാഫ് ജിത്തു എന്നിവർക്കെതിരേയാണ് ലുക്ക് ഒൗട്ട് സർക്കുലർ. രണ്ടാഴ്ച മുന്പ് ഇവർക്കെതിരേ ക്രൈംബ്രാഞ്ച് ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
കഴിഞ്ഞ 18നു നാട്ടിലെത്തുമെന്നു ജാസ്മിന് ഷാ അറിയിച്ചിരുന്നു. എന്നാൽ ഇവരാരും ഇതുവരെ തിരിച്ചെത്താത്ത സാഹചര്യത്തിലാണ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയത്.