കാലിലൂടെ ബസ് കയറി ഇറങ്ങിയ വീട്ടമ്മ മരിച്ചു
Tuesday, January 21, 2020 12:24 AM IST
മണർകാട്: കാലിലൂടെ ബസ് കയറിയിറങ്ങി പരിക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. മണർകാട് ഇല്ലിവളവ് പോത്താനിക്കലായ തെക്കേക്കുറ്റ് അന്നമ്മ ചെറിയാനാ (85)ണു മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്കു മണർകാട് പള്ളി ജംഗ്ഷനിലാണ് അപകടമുണ്ടായത്.
ചവിട്ടുപടിയിൽ കയറും മുന്പു മുന്നോട്ടെടുത്ത ബസിൽനിന്ന് അന്നമ്മ താഴെ വീഴുകയും കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്നത്. എന്നാൽ അപകടമുണ്ടായതു ഈ ബസിൽ കയറുന്നതിനായി അന്നമ്മ ബസിനു മുന്നിലുടെ വരുന്പോൾ ബസ് ഇടിച്ചിടുകയും അന്നമ്മയുടെ കാലിലൂടെ കയറിയിറങ്ങുകയുമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയ അന്നമ്മയുടെ വലതുകാൽ മുട്ടിനു മുകളിൽ വച്ചു മുറിച്ചു മാറ്റിയിരുന്നു. ബസ് ജീവനക്കാർക്ക് എതിരെ പോലീസ് കേസെടുത്തു. പാലായിൽനിന്നു കോട്ടയത്തിനു പോകുകയായിരുന്ന ബീന ബസാണ് അപകടമുണ്ടായക്കിയത്.
മക്കൾ: കുഞ്ഞുമോൻ, രാജു, ബിജു, ലീലാമ്മ, സുജ, പരേതനായ ബാബു. മരുമക്കൾ: ആലീസ് മണ്ണാംപറന്പിൽ, ജെസി കണ്ണോത്ര, അച്ചൻകുഞ്ഞ് വടശേരിൽ കൊല്ലാട്, അച്ചൻകുഞ്ഞ് മരങ്ങാട്ടുകുന്നേൽ അഞ്ചേരി. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞു മൂന്നിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.