സംസ്ഥാനത്ത് ഒൻപതു പേർക്കുകൂടി കോവിഡ്
Wednesday, April 8, 2020 12:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12 പേർക്ക് കോവിഡ്-19 ഭേദമായി. കണ്ണൂരിൽ അഞ്ചും എറണാകുളത്ത് നാലും തിരുവനന്തപുരം, ആലപ്പുഴ, കാസർഗോഡ് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം ഭേദമായത്.
ഇന്നലെ വിവിധ ജില്ലകളിലായി ഒൻപതു പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവരിൽ നാലു പേർ കാസർഗോഡ് ജില്ലയിൽനിന്നും മൂന്നുപേർ കണ്ണൂരിൽനിന്നും ഓരോരുത്തർ കൊല്ലം, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരുമാണ്.
സംസ്ഥാനത്ത് ഇതുവരെ 336 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 263 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
വിവിധ ജില്ലകളിലായി 1,46,686 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 1,45,934 പേർ വീടുകളിലും 752 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ ഉള്ളത്. 11,232 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 10,250 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
ഇന്നലെ രോഗം ഭേദമായവർ കണ്ണൂർ: അഞ്ച്, എറണാകുളം: നാല്, തിരുവനന്തപുരം-ഒന്ന്, ആലപ്പുഴ-ഒന്ന്, കാസർഗോഡ്-ഒന്ന് എന്നിങ്ങനെയാണ്.