അച്ഛനെ പേടിപ്പിക്കാൻ കഴുത്തിൽ കുരുക്കിട്ട ബാലികയ്ക്കു ദാരുണമരണം
Sunday, July 25, 2021 1:25 AM IST
അരൂർ: കളിപ്പാട്ടം വാങ്ങി നൽകാത്തതിനെത്തുടർന്ന് അച്ഛനെ പേടിപ്പിക്കാനായി കഴുത്തിൽ കുരുക്കിട്ടു തൂങ്ങിമരണം അഭിനയിച്ച ആറാം ക്ലാസ് വിദ്യാർഥിനി അബദ്ധത്തിൽ കുരുക്കു മുറുകി മരിച്ചു. അരൂർ ചന്തിരൂർ കൂട്ടുങ്കലിൽ അബ്ദുൾ റഹ്മാന്റെ മകൾ ഫാത്തിമ റെയ്ഹാന (11) യ്ക്കാണു ദാരുണമരണം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
അച്ഛനുമായി വഴക്കിട്ട ഫാത്തിമ കിടപ്പുമുറിയിലെ കട്ടിലിൽ കയറിനിന്നു ജനലിൽ കയർ കെട്ടിയശേഷം കഴുത്തിൽ കുടുക്കിടുകയായിരുന്നു. ഇതിനിടെ കട്ടിലിലെ കിടക്ക തെന്നിമാറുകയും ബാലൻസ് തെറ്റിയ കുട്ടിയുടെ കഴുത്തിൽ കുരുക്ക് മുറുകുകയുമായിരുന്നു. വീട്ടുകാർ ഉടൻതന്നെ കുരുക്കഴിച്ചു തുറവൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. അമ്മ: സനൂജ. സഹോദരൻ: മുഹമ്മദ് അസാൻ.