നേതാക്കളുടെ വിട്ടുപോക്ക്; കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബെഹനാൻ
Thursday, September 16, 2021 1:10 AM IST
തിരുവനന്തപുരം: നേതാക്കൾ വിട്ടുപോയതിനെക്കുറിച്ച് കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണമെന്നു ബെന്നി ബഹനാൻ എംപി. പാർട്ടി വിട്ട് പോയവരെ യും പോയതിനെയും ന്യായീകരിക്കാനാവില്ല. എന്നാൽ അവർ പറയുന്ന കാര്യങ്ങൾ ഉൾപ്പെടെ പാർട്ടി ഗൗരവമായി ചർച്ച ചെയ്യണമെന്നും ബെന്നി ബഹനാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒന്നോ രണ്ടോ നേതാക്കൾ മാത്രമല്ല നേതൃത്വം. എല്ലാ കാര്യവും ചർച്ച ചെയ്യാനുള്ള വേദികൾ കോണ്‍ഗ്രസിലുണ്ട്. ഈ കമ്മിറ്റികൾ ചർച്ച ചെയ്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതിരോധം തീർക്കണം.
ഹിമാലയത്തിൽനിന്നു മഞ്ഞുകട്ട അടർന്നു പോകുന്നതു പോലെയാണ് കോണ്‍ഗ്രസിൽ നിന്നും നേതാക്കൾ പോകുന്നത്. പുതിയ നേതൃത്വത്തിൽ പ്രതീക്ഷയുണ്ടെന്നും പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ കോണ്‍ഗ്രസ് പക്ഷം ചേരില്ലെന്നും ബെന്നി പറഞ്ഞു.