വിദ്യാർഥിനികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമമെന്നു സിപിഎം രേഖ
Saturday, September 18, 2021 1:16 AM IST
തിരുവനന്തപുരം: വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കുന്നതിനുള്ള ബോധപൂർവമായ പരിശ്രമങ്ങൾ സംസ്ഥാനത്തു നടന്നുവരുന്നുണ്ടെന്ന് സിപിഎം.
പ്രഫഷണൽ കോളജ് കാന്പസുകൾ കേന്ദ്രീകരിച്ച് വിദ്യാസന്പന്നരായ യുവതികളെ ആ വഴിയിലേക്കു ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളും നടന്നുവരുന്നുണ്ടെന്ന് സിപിഎം സമ്മേളനങ്ങളോടനുബന്ധിച്ച് പാർട്ടി ഘടകങ്ങൾക്കു നൽകിയ കുറിപ്പിലാണ് സിപിഎം വ്യക്തമാക്കുന്നത്.
‘ന്യൂനപക്ഷ വർഗീയത’ എന്ന തലക്കെട്ടിൽ പറയുന്ന മറ്റു ചില കാര്യങ്ങൾ ഇവയാണ്: സംഘപരിവാർ നടത്തുന്ന പ്രവർത്തനങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. മുസ്ലിം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുസ്ലിം വർഗീയ- തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാർഥ്യത്തെയും നാം കാണേണ്ടതുണ്ട്.
ഇസ്ലാമിക രാഷ്ട്രസ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകൾ മുസ്ലിം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുന്നുണ്ടെന്നു മനസിലാക്കണം. മാധ്യമം പത്രത്തിലൂടെ മാത്രമല്ല, സമൂഹമാധ്യമങ്ങളിലിൽ ഇടപെട്ടും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ട്.
ലോകത്തെ ജനാധിപത്യ വിശ്വാസികളും മുസ്ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാൻ പോലുള്ള സംഘടനകളെപ്പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളസമൂഹത്തിൽ രൂപപ്പെടുന്നുവെന്നത് അതീവഗൗരവമുള്ള കാര്യമാണ്. ആശയപരമായ പ്രചാരണങ്ങളിലാണ് ജമാ അത്തെ ഇസ്ലാമി ഊന്നുന്നത്.
അധികാരത്തിനുവേണ്ടി ഏതു വർഗീയശക്തിയുമായും ചേരുന്ന കോൺഗ്രസിന്റെ നയമാണ്, കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തിലേക്ക് നയിച്ചത്. ഒളിഞ്ഞും തെളിഞ്ഞും നിയമസഭാ തെരഞ്ഞെടുപ്പിലും ആ ബാന്ധവം തുടർന്നിട്ടുണ്ട് എന്നതും നാം കാണേണ്ടതുണ്ട്. അതിനെ തുറന്നുകാട്ടി മുന്നോട്ടു പോകാനാവണം.