കെ-റെയില്‍ ഡിപിആര്‍ തയാറാക്കിയത് എങ്ങനെയെന്നു കോടതി; ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ തടഞ്ഞു
Friday, January 21, 2022 12:39 AM IST
കൊച്ചി: കെ-റെയില്‍ പദ്ധതിക്കുവേണ്ടി വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കിയത് എങ്ങനെയാണെന്നും ഇതിന് ഏതുവിധത്തിലാണ് സര്‍വേ നടത്തിയതെന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി.
കെ-റെയില്‍ പദ്ധതിക്കുവേണ്ടി നിയമവിരുദ്ധമായി സര്‍വേ നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ നിർദേശം. സര്‍ക്കാര്‍ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുന്നതു വരെ ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ മാറ്റിവയ്ക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ആകാശസര്‍വേ (ഏരിയല്‍ സര്‍വേ) നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡിപിആര്‍ തയാറാക്കിയതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചപ്പോഴാണ് സിംഗിള്‍ ബെഞ്ച് കൂടുതല്‍ വ്യക്തത തേടിയത്.
നേരിട്ട് സര്‍വേ നടത്താതെ ഏരിയല്‍ സര്‍വേ മുഖേന ഡിപിആര്‍ തയാറാക്കാനാവുമോ എന്നു ചോദിച്ച കോടതി, ഭൂമി ഏറ്റെടുക്കുമ്പോള്‍ ന്യായമായ നഷ്ടപരിഹാരം ഉറപ്പുനല്‍കുന്ന 2013 ലെ നിയമത്തില്‍ പറയുന്ന വ്യവസ്ഥകള്‍ എങ്ങനെയാണ് ബാധകമാക്കുന്നതെന്നും ആരാഞ്ഞു. ഹര്‍ജികള്‍ ഫെബ്രുവരി ഏഴിനു വീണ്ടും പരിഗണിക്കും.
ഈ വിഷയത്തില്‍ നേരത്തേ നല്കിയ ഇടക്കാല ഉത്തരവുകള്‍ തുടരും. എന്നാല്‍ അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന 2013 ലെ നിയമപ്രകാരം നടപടികള്‍ തുടരാമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.