കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു തടവുചാടിയ പ്രതിയും കാമുകിയും അറസ്റ്റിൽ
Saturday, February 24, 2024 12:52 AM IST
കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു തടവു ചാടിയ പ്രതി ഒരു മാസത്തിനു ശേഷം പിടിയിൽ. തമിഴ്നാട് കാരക്കുടിയിൽവച്ചാണ് തടവ് ചാടിയ കോയ്യോട് സ്വദേശി ഹർഷാദിനെ (34) കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഹർഷാദിനൊപ്പം ഒളിച്ചുതാമസിക്കാൻ സൗകര്യമൊരുക്കിയ കാമുകി തമിഴ്നാട് കാരക്കുടി സ്വദേശിനി അപ്സര (23)യെയും അറസ്റ്റ് ചെയ്തു. കണ്ണൂർ എസിപി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 14നു രാവിലെ 6.45 ഓടെയാണ് ഹര്‍ഷാദ് ജയില്‍ ചാടി രക്ഷപ്പെട്ടത്. ജയില്‍ വളപ്പിലെ പത്രമെടുക്കാനായി പുറത്തിറങ്ങിയ ഇയാള്‍ ഓടി റോഡിലേക്കിറങ്ങി ബന്ധുവായ റിസ്വാന് എന്നയാളുടെ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
റിസ്വാന് നേരത്തേ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പോലീസിനു ഹർഷാദിനെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നത്. ടാറ്റൂ ആര്‍ട്ടിസ്റ്റായ അപ്സര തലശേരിയില്‍ ഒരു ടാറ്റു സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്നപ്പോഴാണു ഹര്‍ഷാദിനെ പരിചയപ്പെട്ടത്.
മധുരയിലെത്തിയ ഹര്‍ഷാദ് ആദ്യ രണ്ടാഴ്ച താമസിച്ചത് തമിഴ്നാട് സബ് കളക്ടര്‍ വാടകയ്ക്കു നല്കിയ ഫ്ലാറ്റിലായിരുന്നു. ഇത് യാതൊരു സംശയത്തിനും ഇടയാക്കിയില്ല. തുടര്‍ന്ന് കാരക്കുടിയിലെ കല്ലൽ എന്ന സ്ഥലത്തെ വാടകവീട്ടിലേക്കു മാറുകയായിരുന്നു.
ഒളിച്ചു താമസിക്കാൻ സൗകര്യമൊരുക്കിയത് കാമുകി
അന്വേഷണം വഴിതിരിച്ചു വിടാന്‍ കൃത്യമായ ആസൂത്രണമാണു പ്രതികള്‍ തയാറാക്കിയത്. ആദ്യം ബംഗളൂരുവില്‍ എത്തിയ ഹര്‍ഷാദ് അവിടെനിന്നു ഡല്‍ഹിയിലെത്തി നേപ്പാള്‍ അതിർത്തി വരെ സഞ്ചരിച്ചു. അവിടെനിന്നു മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തു. തുടര്‍ന്ന്, വീണ്ടും ഡല്‍ഹിയിലെത്തി മധുരയിലേക്കു പോകുകയായിരുന്നു. നേപ്പാള്‍ വഴി പ്രതി വിദേശത്തേക്കു കടന്നിരിക്കുമെന്നു പോലീസ് സംശയിച്ചു.
എന്നാല്‍, ബംഗളൂരുവില്‍നിന്നു ബൈക്ക് വാടകയ്ക്ക് എടുത്ത ഷോറൂമിൽ ഇവർ നൽകിയ ഒരു ഫോൺ നമ്പരാണു പോലീസിന് തുമ്പായത്. ഈ ഷോറൂമിന്റെ ഉടമ മുഖേന ഈ നമ്പർ എടുക്കുകയും ഇത് അപ്സരയുടെതാണെന്നു പോലീസ് കണ്ടെത്തുകയും ചെയ്തു. അപ്സര നിരവധി തവണ സെന്‍ട്രല്‍ ജയിലിലേക്കു വിളിച്ചതായി കണ്ടെത്തി.
ജയിലില്‍ അഞ്ചു മൊബൈല്‍ ഫോണുകള്‍ ഹര്‍ഷാദ് ഉപയോഗിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അപ്സരയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തപ്പോഴാണ് ഹർഷാദിന്റെ ഒളിയിടത്തെക്കുറിച്ച് വിവരം കിട്ടിയത്.
പ്രതികളെ ഇന്നലെ കണ്ണൂരിലെത്തിച്ചു. കണ്ണൂർ ടൗൺ സിഐ കെ.സി. സുഭാഷ്, എസ്ഐമാരായ സവ്യസാചി, എം. അജയന്, രഞ്ജിത്ത്, നാസര്‍, ഷൈജു ഷിജി, റിനില്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.