കമ്മ്യൂണിസ്റ്റുകാര്‍ മന്നത്ത് പത്മനാഭനെ വര്‍ഗീയവാദിയായി കണ്ടു: ജി. സുകുമാരന്‍നായര്‍
Monday, February 26, 2024 3:06 AM IST
ചങ്ങനാശേരി: ചരിത്രവും ലേഖനവും എഴുതുന്ന കമ്യൂണിസ്റ്റുകാര്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനെ വര്‍ഗീയവാദിയായാണു കാണുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തു നടന്ന 54-ാമത് മന്നം സമാധി സമ്മേളനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികനീതിക്കുവേണ്ടി പോരാടിയ വിപ്ലവകാരിയാണു മന്നത്ത് പത്മനാഭന്. മന്നത്ത് പത്മനാഭനെക്കുറിച്ച് ലേഖനം എഴുതുന്നവര്‍ അവരുടെ അഭിപ്രായമാണ് എഴുതുന്നത്. ഇതിനുപിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാർത്ഥ താത്പര്യങ്ങളുണ്ട്. ഇത്തരം തെറ്റായ നടപടികള്‍ക്കെതിരേ ഏതറ്റം വരെ പോകാൻ തയാറാണെന്നും മന്നം സാമൂഹികനീതിക്കുവേണ്ടി ഇറങ്ങിയില്ലായിരുന്നെങ്കില്‍ കേരളത്തില്‍ നവോത്ഥാനം നടക്കുമായിരുന്നില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു.
മന്നം സമാധി മണ്ഡപത്തില്‍ രാവിലെ ആറു മുതല്‍ 11.45 വരെ നടന്ന ഭക്തിഗാനാലാപനം, പുഷ്പാര്‍ച്ചന, ഉപവാസം, സമൂഹപ്രാര്‍ഥന എന്നിവയില്‍ ആയിരക്കണക്കിനു സമുദായാംഗങ്ങള്‍ പങ്കെടുത്തു.
ഉപവാസ സമാപന പ്രാര്‍ഥനകള്‍ക്ക് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നേതൃത്വം നൽകി. എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ സമാധിയില്‍ കര്‍പ്പൂരം ഉഴിഞ്ഞതോടെ ദിനാചരണത്തിനു സമാപനമായി.