പാലിയേക്കര ടോള്‍ പിരിവ്: ഹര്‍ജിയില്‍ വിശദീകരണം തേടി
Wednesday, July 17, 2024 1:04 AM IST
കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയിലെ അനധികൃത ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെയടക്കം വിശദീകരണം തേടി.
കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും ടോളിലൂടെ കൊള്ളലാഭമുണ്ടാക്കുകയാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനും ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി ചെയര്‍മാനുമായ ആലപ്പുഴ സ്വദേശി കെ. രാധാകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നോട്ടീസ് നൽകിയത്.
ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2023 ജനുവരി 31 വരെ 1135.29 കോടി രൂപ ടോളായി പിരിച്ചെങ്കിലും നിര്‍മാണത്തിനു ചെലവഴിച്ചത് 721.17 കോടി രൂപ മാത്രമാണെന്ന് ഹർജിയില്‍ പറയുന്നു.
2011ല്‍ വിജ്ഞാപനം ചെയ്ത നാഷണല്‍ ഹൈവേയുമായുമായുള്ള ബിഒടി കരാര്‍പ്രകാരം 64.94 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ അടിപ്പാതകള്‍, സര്‍വീസ് റോഡ്, സ്ട്രീറ്റ് ലൈറ്റ് എന്നിവയടക്കം നിര്‍മിക്കേണ്ടതുണ്ട്. എന്നാല്‍, ഇതു നടത്തിയിട്ടില്ലെന്നും കമ്പനിയുടെ സ്വാധീനത്താല്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
നിര്‍മാണജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതിനാല്‍ പൊതുജനങ്ങളില്‍നിന്ന് ടോള്‍ പിരിക്കാനുള്ള കൊമേഴ്സ്യല്‍ ഓപ്പറേഷന് ഡേറ്റ് (സിഒഡി) ലൈസന്‍സ് ലഭിച്ചില്ല.
എന്നാല്‍, സ്വാധീനമുപയോഗിച്ച് ആറു മാസത്തേക്ക് അനുമതി നേടി ടോള്‍ പിരിവ് തുടങ്ങിയെന്നും നിര്‍മാണത്തിനു ചെലവായ 721.17 കോടി രൂപയ്ക്കു പകരം 2023 ജനുവരി 31വരെ 1135.29 കോടി രൂപ പിരിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.