ഫ്ലക്സ് ബോര്‍ഡുകള്‍ മാറ്റാത്തത് മുട്ടുവിറയ്ക്കുന്നതുകൊണ്ടോ?; കൊച്ചി കോർപറേഷനോടു ഹൈക്കോടതി
Thursday, July 18, 2024 1:55 AM IST
കൊച്ചി: അനധികൃത ഫ്ലക്സ് ബോര്‍ഡുകൾ നീക്കം ചെയ്യാത്തത് രാഷ്ട്രീയക്കാര്‍ക്കു മുന്നില്‍ മുട്ടുവിറയ്ക്കുന്നതുകൊണ്ടാണോയെന്ന് ഹൈക്കോടതി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട ബോര്ഡായതുകൊണ്ടാണോ എടുത്തുമാറ്റി നടപടിയെടുക്കാന്‍ കൊച്ചി കോര്പറേഷന് ഭയമെന്നും അങ്ങനെയാണെങ്കില്‍ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
കൊച്ചി നഗരത്തില്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ക്കെതിരേ നടപടിയെടുക്കാത്തതു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിരീക്ഷണം. അനധികൃത ബോര്‍ഡുകളും കൊടികളും സ്ഥാപിക്കുന്നതു തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
ആയിരത്തിലധികം ബോര്‍ഡുകള്‍ നഗരത്തില്‍ മാത്രം അനധികൃതമായി സ്ഥാപിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ വനിതകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇരുചക്രവാഹനം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ ബോര്‍ഡുകളും ഉണ്ടായിരുന്നു.
ഇതു സ്ഥാപിച്ചവരില്‍നിന്ന് പിഴ ഈടാക്കിയോ എന്നു കോടതി ആരാഞ്ഞപ്പോള്‍ വച്ചവര്തന്നെ അവ നീക്കം ചെയ്തെന്നും പിഴ ഈടാക്കിയില്ലെന്നും കോര്പറേഷന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിഷയം വീണ്ടും 24 ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.