സംവരണത്തിന് മേൽത്തട്ട് പരിധി; കോടതി ഉത്തരവ് മറികടക്കാൻ നിയമനിർമാണം നടത്തണം: പുന്നല ശ്രീകുമാർ
Wednesday, December 11, 2024 1:22 AM IST
തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സംവരണത്തിനു മേൽത്തട്ട് പരിധി ഏർപ്പെടുത്തണമെന്നും സംസ്ഥാനങ്ങൾ ഉപവർഗീകരണം നടത്തണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ കേന്ദ്രസർക്കാർ നിയമം നിർമിക്കണമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ.
ദളിത്- ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ സംഘടിപ്പിച്ച പ്രതിഷേധസാഗരം രാജ്ഭവനു മുന്പിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംവരണത്തിനു മേൽത്തട്ട് പരിധി ഏർപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് ഭരണഘടനാവിരുദ്ധമാണ്. ഇത് സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കും. സാന്പത്തികമായി വിവിധ തട്ടുകളായി തരംതിരിക്കുന്നതിലൂടെ ഈ വിഭാഗങ്ങളുടെ ഐക്യം ഇല്ലാതാകും.
ഭരണഘടനാ അനുഛേദം 341, 342 പ്രകാരം പട്ടികജാതി, പട്ടികവർഗ പട്ടികയിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള അധികാരം പാർലമെന്റിനാണുള്ളത്. വിധി നടപ്പിലാക്കേണ്ടതില്ലെന്ന കേന്ദമന്ത്രിസഭയുടെ തീരുമാനം നിലവിലുള്ള നടപടിയെ മറികടക്കാൻ പര്യാപ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദളിത് -ആദിവാസി സംയുക്ത സമിതി ചെയർമാൻ കെ.കെ.സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നേതാക്കളായ എം.ടി.സനേഷ്, ഡോ.കല്ലറ പ്രശാന്ത്, എൻ.കെ.അനിൽകുമാർ, കുഞ്ഞുമോൻ കെ. കണിയാടത്ത്, രതീഷ് പട്ടണക്കാട്, സുരേഷ്കുമാർ മണ്ണന്തല, പി.എ.അജയഘോഷ് തുടങ്ങിയവർ പ്രസംഗിച്ചു.