അന്തേവാസികളുടെ അവകാശം ; വിയ്യൂർ അതിസുരക്ഷാ സെൽ മൂന്നു മണിക്കൂർ തുറന്നിടും
Wednesday, December 11, 2024 1:23 AM IST
തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ കഴിയുന്നവർക്ക് ഇനിമുതൽ 24 മണിക്കൂർ ഏകാന്തതടവില്ല. ഇവരെ പാർപ്പിച്ചിരിക്കുന്ന സെല്ലുകൾ ദിവസവും മൂന്നു മണിക്കൂർ തുറന്നിട്ട് ഏകാന്തതടവ് 21 മണിക്കൂറാക്കും. കൊച്ചിയിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയുടെ നിർദേശപ്രകാരമാണിത്.
2019ലെ കോയമ്പത്തൂർ കാർ സ്ഫോടനക്കേസ് മുഖ്യപ്രതി മുഹമ്മദ് അസറുദ്ദീൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട വിചാരണത്തടവുകാരെ ദിവസത്തിൽ 24 മണിക്കൂറും ഏകാന്തതടവിൽ പാർപ്പിക്കുകയാണെന്നും ഇതു കേരള ജയിൽചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അസറുദ്ദീൻ ഹർജി സമർപ്പിച്ചത്.
ഇക്കാര്യം ജയിൽ സൂപ്രണ്ടിനോടു പറഞ്ഞെങ്കിലും പ്രതികരണമുണ്ടായില്ലെന്നും മനുഷ്യത്വരഹിതമായ വ്യവസ്ഥകൾ അവസാനിപ്പിക്കാൻ കോടതി ഇടപെടണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തുടർന്നു കോടതി അധികൃതരിൽനിന്നു റിപ്പോർട്ട് തേടിയിരുന്നു.
അതിസുരക്ഷാ ജയിലിൽ മാവോയിസ്റ്റ് സംഘങ്ങളുമായി ബന്ധമുള്ള 13 പേർ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ)യുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 14 പേർ, എൻഐഎ കേസുകളിൽ പ്രതികളായ 19 പേർ എന്നിവരടക്കം 225 തടവുകാരാണു കഴിയുന്നത്. കാപ്പാ തടവുകാരും ഇവരിലുൾപ്പെടും.
സുരക്ഷാകാരണങ്ങളാൽ തടവുകാരെ സ്വതന്ത്രമായി ഇടപഴകാൻ അനുവദിക്കാറില്ലെന്നു റിപ്പോർട്ടിൽ പറഞ്ഞു. അന്തേവാസികൾക്കു ദിവസവും ഒരു മണിക്കൂർ ബാഡ്മിന്റൺ, വോളിബോൾ തുടങ്ങിയവയിൽ ഏർപ്പെടാൻ അവസരം നല്കിയിരുന്നു.
സിനിമാപ്രദർശനവും മാസത്തിൽ രണ്ടുതവണ സാംസ്കാരികപരിപാടികളും സംഘടിപ്പിച്ചിരുന്നെന്നും ചൂണ്ടിക്കാട്ടി. അസറുദ്ദീനെ 24 മണിക്കൂർ പൂട്ടിയിട്ടെന്ന ആരോപണം റിപ്പോർട്ടിൽ നിഷേധിച്ചു.
മറ്റു ജയിലുകളിൽ തടവുകാർക്കു നൽകുന്ന അടിസ്ഥാന അവകാശങ്ങൾ അതിസുരക്ഷാജയിലിൽ നിഷേധിക്കുന്നതു ന്യായീകരിക്കാനാകില്ലെന്നു നിരീക്ഷിച്ചാണു കോടതിയുടെ നിർദേശം.