കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഇടിഞ്ഞുവീഴാറായ കെട്ടിടം അപകടഭീഷണി
1579404
Monday, July 28, 2025 4:37 AM IST
ആലുവ: നൂറു കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ രണ്ട് കെട്ടിടങ്ങളുടെ പൊളിച്ചുമാറ്റൽ നടപടി നീളുന്നു.
തുക നിർണയത്തിൽതട്ടി ആദ്യത്തെ ലേലം പരാജയപ്പെട്ടു. പുനർലേലത്തിന് നോട്ടീസ് നൽകിയെങ്കിലും നടപടികൾ നീണ്ടു പോകുകയാണ്. നൂറുകണക്കിനു കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കാലപ്പഴക്കം ചെന്ന കെട്ടിടം നിലകൊള്ളുന്നത് വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
ഓടിട്ട പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിന് ടെൻഡർ മൂല്യം നിർണയിച്ചിട്ടുണ്ട്. അതിന് താഴെയ.ുള്ള തുകയ്ക്ക് ലേലം വിളിക്കാൻ ജില്ലാ പഞ്ചായത്ത് അനുവദിക്കാത്തതാണ് ആദ്യ ടെൻഡർ നടപടി കാലഹരണപ്പെടാൻ കാരണം.
കെട്ടിടത്തിന് നിർണയിച്ച അടിസ്ഥാന മൂല്യം കുറയ്ക്കാതെ പുനർലേലം നടക്കുമോയെന്ന ആശങ്കയിലാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും. നിലവിൽ പഴയ കെട്ടിടത്തിൽ പുസ്തങ്ങൾ, പഴയ ഫയലുകൾ, ഫർണീച്ചറുകൾ, ലാബ് സാമഗ്രികൾ തുടങ്ങിയവയാണ് സൂക്ഷിച്ചിരിക്കുന്നത്. ആസിഡ് ചോർന്ന് ഒരു മാസം മുമ്പ് കെട്ടിടത്തിനുള്ളിൽ തീയും പുകയും വന്നിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് ആസിഡ് നിർവീര്യമാക്കിയത്.
കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ ക്ലാസ് മുറികളായി പ്രവർത്തിച്ചിരുന്ന രണ്ടു പഴയ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. രണ്ടാമത്തേതിൽ ക്ലാസുകൾ നടത്തുന്നില്ലെങ്കിലും പരീക്ഷകൾ നടത്താറുണ്ട്. കുട്ടികൾ ഭക്ഷണം കഴിക്കാനും ക്ലാസ് മുറികൾ ഉപയോഗിക്കാറുമുണ്ട്.
അതിനിടയിൽ ജില്ലയിലെ വിദ്യാലയങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ജില്ലാ തല സമിതി വിവരങ്ങൾ ശേഖരിച്ച് തുടങ്ങി. ആലുവ ഉപ വിദ്യാഭ്യാസ ജില്ലയിൽ 40 ഓളം വിദ്യാലയങ്ങളിലാണ് സുരക്ഷാവീഴ്ചകൾ കണ്ടെത്തിയിരിക്കുന്നത്.
ഓരോ വിദ്യാലയങ്ങളുടേയും സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്താനും ഏകോപിപ്പിക്കാനും നോഡൽ ഓഫീസറേയും നിയമിച്ചു തുടങ്ങിയിട്ടുണ്ട്.