മന്ത്രി കെ. രാജൻ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ചു
1579896
Wednesday, July 30, 2025 4:24 AM IST
നെടുമ്പാശേരി : ഇന്ത്യൻ ഭരണഘടനയെയും നിയമങ്ങളെയും ദുരുപയോഗപ്പെടുത്തിയാണ് ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തെന്ന് റവന്യൂ മന്ത്രി കെ. രാജൻ. അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ അജണ്ടയിലാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി തന്നെ ഇതിനെ ന്യായീകരിക്കുന്നത്. ജീവപര്യന്തം ശിക്ഷ ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ വലിയ ശിക്ഷ കിട്ടുന്ന വകുപ്പുകൾ ആണ് കന്യാസ്ത്രീകൾക്കു മേൽ ചുമത്തിയിട്ടുള്ളത്. അനാവശ്യമായി ഇത്തരം വകുപ്പുകൾ ഇട്ട ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നതിന് പകരം മുഖ്യമന്ത്രി തന്നെ ഇതിനെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബജരംഗദൾ പ്രവർത്തകർക്ക് എന്തധികാരമാണ് ഇവരെ തടയാനും ചോദ്യം ചെയ്യാനും ഉള്ളതെന്നും പോലീസും മറ്റ് ഉദ്യോഗസ്ഥരും ഇത് നോക്കിനിൽക്കുകയായിരുന്നു എന്നും മന്ത്രി ആരോപിച്ചു.
സിപിഐ അങ്കമാലി മണ്ഡലം സെക്രട്ടറി എം. മുകേഷ് അങ്കമാലി ലോക്കൽ സെക്രട്ടറി ഒ.ജി. കിഷോർ, തുറവൂർ ലോക്കൽ സെക്രട്ടറി എം. മഹേഷ്, അയ്യമ്പുഴ ലോക്കൽ സെക്രട്ടറി രാജു തോമസ്, പാറക്കടവ് ലോക്കൽ സെക്രട്ടറി പി.പി. സണ്ണി മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം.എസ്. ചന്ദ്രബോസ് , പി.ജെ. എലിയാസ് എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.