ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍
1580081
Thursday, July 31, 2025 5:18 AM IST
കൊച്ചി: കേരള ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും അഞ്ചുലക്ഷത്തിലേറെ രൂപ കവര്‍ന്ന പ്രതി പിടിയില്‍. തിരുവനന്തപുരം നേമം ഉടുമ്പന്നൂര്‍ തിരുവാതിരയില്‍ മോഹന്‍ കുമാറാ(63)ണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
പച്ചാളം സ്വദേശിയായ യുവാവിന് ഹൈക്കോടതിയില്‍ ഓഫീസര്‍ അറ്റൻഡന്റായി ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പല തീയതികളിലായി അഞ്ചുലക്ഷം തട്ടിയെടുത്തു.
യുവാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.