വായന മരിച്ചിട്ടില്ല: സ്പീക്കർ
1579895
Wednesday, July 30, 2025 4:24 AM IST
ചെറായി: വായന മരിച്ചിട്ടില്ലെന്നും വായനയുടെ രീതികൾ മാറിയതാണെന്നും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. വൈപ്പിൻ മണ്ഡലത്തിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ രൂപം നൽകിയ ഇ- ലൈബ്രറികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈപ്പിൻ മണ്ഡലത്തിലെ 20 ഹൈസ്കൂളുകളിലാണ് ഇ- ലൈബ്രറി പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.
രണ്ടര കോടിയാണ് ചെലവ്. ഇതോടെ 100 ശതമാനം ഡിജിറ്റൽ ലൈബ്രറികളുള്ള സംസ്ഥാനത്തെ ഏകമണ്ഡലം എന്ന ബഹുമതി വൈപ്പിന്‍ കൈവന്നിരിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ചൂണ്ടിക്കാട്ടി.
എംഎൽഎ ഫണ്ടിനുപുറമെ ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ സ്മാർട്ട് ഇ- സൊലൂഷൻസ് എംഡി ഗോകുൽ ഗോവിന്ദ്, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബിൻ കളത്തിൽ,
പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, കൈറ്റ് കോ ഓർഡിനേറ്റർ അജി ജോൺ, ബിപിസിഎൽ പ്രതിനിധി ടോം ജോസ്, എഇഒ ഷൈനമോൾ, പ്രധാനാധ്യാപകൻ പി.എ. സേവ്യർ, സ്കൂൾ ലീഡർ ആൻഡ്രിക്ക് ജെയ്സൻ എന്നിവർ സംസാരിച്ചു.