കന്യാസ്ത്രീമാരുടെ മോചനം നീണ്ടാല്‍ കേരളജനത പാര്‍ലമെന്റിനു മുമ്പില്‍ ഒന്നിക്കും: മാര്‍ കല്ലറങ്ങാട്ട്
1580078
Thursday, July 31, 2025 5:18 AM IST
പാലാ: ഛത്തീസ്ഗഡിൽ ജയിലില്‍ കിടക്കുന്ന കന്യാസ്ത്രീകള്‍ ഭാരതത്തിലെ ക്രൈസ്തവരെ കോര്‍ത്തിണക്കുന്ന ചങ്ങലയാണെന്നും ഇവരുടെ ജയില്‍വാസം അനിശ്ചിതമായി നീണ്ടാല്‍ കേരള ജനത ഡല്‍ഹി പാര്‍ലമെന്റിനു മുന്നില്‍ ഒന്നിക്കുമെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് . ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്നു കന്യാസ്ത്രീകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെ പാലാ രൂപത ഭരണങ്ങാനത്ത് നടത്തിയ പ്രാര്‍ഥനാ യജ്ഞത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
മതസ്വാതന്ത്ര്യം തടയുന്നത് അപകടകരമാണ്. സഭയ്ക്ക് രാഷ്ട്രീയമില്ല. എന്നാല്‍ രാഷ്ട്രീയക്കാരെ തങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച് പഠിപ്പിക്കാന്‍ ഉത്തരവാദിത്വമുണ്ട്. ക്രൈസ്തവര്‍ അംഗബലത്തിൽ ചെറുതാണെങ്കിലും മൂല്യങ്ങളിൽ സ്വാധീനമുള്ളവരാണെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു.
തീര്‍ഥാടന കേന്ദ്രവും ഫൊറോന ദേവാലയപരിസരവും തിങ്ങിനിറഞ്ഞ അല്മായരും സന്യസ്തരും ജപമാല കൈകളിലേന്തി പ്രാര്‍ഥനയോടെയാണ് ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്ക് അവരെ സമര്‍പ്പിച്ചത്.
തീര്‍ഥാടന ദേവാലയത്തില്‍നിന്ന് ആരംഭിച്ച ജപമാല റാലി ഫൊറോന ദേവാലയം ചുറ്റി തിരികെ തീര്‍ഥാടന ദേവാലയത്തിലെത്തി സമാപിച്ചു. രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ കൃതജ്ഞത പറഞ്ഞു.