പിറവത്ത് രണ്ട് റോഡുകൾക്ക് അഞ്ചരക്കോടി അനുവദിച്ചു
1579909
Wednesday, July 30, 2025 4:36 AM IST
പിറവം: നിയോജകമണ്ഡലത്തിൽ മണീട് പഞ്ചായത്തിലെ ആനമുന്തി - മീമ്പാറ റോഡിന്റെ പുനർനിർമാണത്തിന് 4.50 കോടി രൂപയുടേയും പാമ്പാക്കുട പഞ്ചായത്തിലെ പാമ്പാക്കുട - കിഴുമുറി റോഡിന്റെ പൂർത്തിയാക്കാത്ത ഭാഗം ദേശീയ നിലവാരത്തിൽ നിർമിക്കാൻ 1.5 കോടി രൂപയുടേയും ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു.
11 വർഷം മുന്‍പ് നവീകരിച്ച മണീട് - ആനമുന്തി - മീമ്പാറ റോഡാണ് ഇപ്പോൾ ആധുനിക നിലവാരത്തില്‍ നിർമിക്കുന്നത്. പാമ്പാക്കുട - കിഴുമുറി റോഡിന്റെ ഒരു കിലോമീറ്ററോളം ഭാഗം നവീകരിക്കാനുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുനത്.
അതോടൊപ്പം പുളിക്കമാലി ഗവൺമെന്റ് ഹൈസ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി പുതിയ ബ്ലോക്കിന്റെ നിർമാണത്തിനായി 1.50 കോടി രൂപയും അനുവദിച്ചിട്ടുള്ളതായി എംഎൽഎ പറഞ്ഞു. നവകേരള പദ്ധതിയുടെ ഭാഗമായി എംഎല്‍എ നിര്‍ദേശിച്ച നിര്‍മാണ പ്രവൃത്തികള്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.