സ്വയം നിയമപോരാട്ടത്തിലൂടെ വിജയം കണ്ട് മേയ്മോള്
1579652
Tuesday, July 29, 2025 3:35 AM IST
കൊച്ചി: റീബില്‍ഡ് കേരള ഡെവലപ്മെന്റ് പദ്ധതി പ്രകാരമുള്ള അപേക്ഷ നിരസിച്ച വനം വകുപ്പ് നടപടിക്കെതിരെ സ്വയം നിയമ പോരാട്ടം നടത്തിയ യുവതിക്ക് വിജയം.
കോതമംഗലം തൃക്കാരിയൂര്‍ കുര്‍ബാനപ്പാറ പൈനാടത്ത് മേയ്മോള് പി. ഡേവിസാണ് ഭൂമി വിട്ടു നല്കാന് തയാറായിട്ടും ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ ഹാജരാക്കിയിട്ടും പട്ടയമില്ലെന്നതിന്റെ പേരില്‍ ഭൂമി ഏറ്റെടുക്കാന്‍ തയാറാകാതിരുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നല്കാന് 2024 ഡിസംബറില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടും നടപ്പാക്കാത്തതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജിയും നല്കി. ഇതേത്തുടര്‍ന്ന് ഭൂമിയുടെ വിലയായി നിശ്ചയിച്ച 45 ലക്ഷം രൂപയില്‍ പകുതി തുക ആദ്യഗഡുവായി അനുവദിച്ചു.
ഇതിനു ശേഷം ബാക്കി തുക കൈമാറാന്‍ ഭൂമിയുടെ ആധാരം വനം വകുപ്പിന്റെ പേരിലേക്ക് മാറ്റേണ്ടതുണ്ടെന്ന് കാണിച്ച് വനം വകുപ്പ് പുനഃപരിശോധനാ ഹര്‍ജി നല്കി. എന്നാല്‍ ഹര്‍ജി തീര്‍പ്പാക്കിയിട്ടും രണ്ടാം ഗഡു ലഭിക്കാതെ വന്നതോടെ മേയ്മോള് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. രണ്ടാം ഗഡു ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ച കോടതി ആധാരം വനം വകുപ്പിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം തുക പിന്‍വലിക്കാന്‍ രജിസ്ട്രിക്ക് അപേക്ഷ നല്‍കാനും നിര്‍ദേശിച്ചു.
പിതാവ് മരിച്ചതിനെ തുടര്‍ന്ന് മേയ് മോളും മാതാവ് മോളിയുമായിരുന്നു മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലുള്ള ഭൂമിയില്‍ താമസിച്ചിരുന്നത്.