കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം
1579633
Tuesday, July 29, 2025 3:34 AM IST
‘ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കു നേരെ നടന്നത് മതേതരത്വത്തിനേറ്റ മുറിവ്’
പുത്തൻകുരിശ്: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകൾക്കു നേരെ നടന്ന അതിക്രമം മതേതരത്വത്തിനേറ്റ മുറിവും മനുഷ്യാവകാശ നിഷേധവുമാണെന്ന് മീഡിയ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത.
മതേതരത്വത്തിനും മനുഷ്യാവകാശങ്ങള്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും ലോകത്തിന് മാതൃകയായ ഭാരതത്തെ സംബന്ധിച്ചിടത്തോളം ഛത്തീസ്ഗഡിൽ നടന്ന മനുഷ്യത്വരഹിതമായ സംഭവം അങ്ങേയറ്റം ആശങ്കയുളവാക്കുന്നതും ഇന്ത്യൻ ഭരണഘടന നൽകുന്ന മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിക്കണം: കത്തോലിക്ക കോണ്ഗ്രസ്
കോതമംഗലം: മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി അത്യന്തം അപലപനീയമാണെന്ന് കത്തോലിക്കാ കോണ്ഗ്രസ് കോതമംഗലം രൂപത. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്രൈസ്തവ സ്നേഹം നടിക്കുകയും പ്രസംഗിക്കുകയും വടക്കേ ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല.
ക്രൈസ്തവരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സംഘടനകളെയും ഗ്രൂപ്പുകളെയും കടിഞ്ഞാണിട്ട് നിയന്ത്രിക്കുവാനുള്ള ആർജവം സർക്കാർ കാണിക്കണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ക്രൈസ്തവ മിഷനറിമാരെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും അങ്ങേയറ്റം ദുഖകരമാണെന്നും ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കുവാനുള്ള അടിയന്തര നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കത്തോലിക്ക കോണ്ഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, രൂപതാ ഡയറക്ടർ ഫാ. മാനുവൽ പിച്ചളക്കാട്ട്, ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരയ്ക്കൽ എന്നിവർ ആവശ്യപ്പെട്ടു.
‘മതേതരത്വത്തെ തകർക്കുന്നതാണ് ഛത്തീസ്ഗഡിൽ നടന്നത്’
മൂവാറ്റുപുഴ: ഇന്ത്യൻ മതേതരത്വത്തെ തകർക്കുവാൻ നടത്തിയിട്ടുള്ള പ്രവർത്തികളിലൊന്നാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് റെയിൽവേ സ്റ്റേഷനിൽ നടന്നതെന്ന് കേരള കോണ്ഗ്രസ്-എം സംസ്ഥാന സെക്രട്ടറി ടോമി കെ. തോമസ്. കോടതികളെ പോലും നോക്കുകുത്തിയാക്കി ആൾക്കൂട്ട വിചാരണയാണ് നടന്നത്. റെയിൽവേ ഉദ്യോഗസ്ഥർ നടത്തിയത് നീതി നിഷേധമാണ്.
കന്യാസ്ത്രീകളെപ്പറ്റി എന്തേലും ആക്ഷേപം തോന്നിയാൽ അക്കാര്യം അറിയിക്കേണ്ടത് തങ്ങളുടെ മേലാധികാരികളെയോ പോലീസ് അധികാരികളെയോ ആണെന്നിരിക്കെ വർഗീയ വാദികളെ വിളിച്ചറിയിച്ചു എന്നത് കേട്ടറിവല്ലാത്ത കാര്യമാണ്. ഇത് ജനാധിപത്യത്തിന്മേലുള്ള കടന്നു കയറ്റവും സഞ്ചാര സ്വാതന്ത്ര്യത്തെ തടയന്നതുമാണ്. വ്യക്തി സ്വാതന്ത്ര്യം ഹനിച്ച റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ടോമി കെ. തോമസ് ആവശ്യപ്പെട്ടു.
മലങ്കര കാത്തലിക് അസോസിയേഷൻ മൂവാറ്റുപുഴ രൂപത സമിതി പ്രതിഷേധിച്ചു
മൂവാറ്റുപുഴ: ഛത്തിസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ മലങ്കര കാത്തലിക് അസോസിയേഷൻ മൂവാറ്റുപുഴ രൂപത സമിതി പ്രതിഷേധിച്ചു. മതിയായ യാത്രരേഖകളും തിരിച്ചറിയൽ കാർഡുകളുമായി പ്രായപൂർത്തിയായ പെണ്കുട്ടികളുമായി ജോലി ആവശ്യത്തിന് യാത്ര ചെയ്യവെ അന്യായമായി അറസ്റ്റ് ചെയ്തത് മതേതര ഇന്ത്യക്ക് കളങ്കം ചാർത്തുന്നതും ന്യൂനപക്ഷ വിഭാഗത്തിന്റെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണെന്ന് യോഗം വിലയിരുത്തി.
കന്യാസ്ത്രീകളുടെ മോചനത്തിന് ഉടൻ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വൈദിക ഉപദേഷ്ടാവ് ഫാ. ജോർജ് മാങ്കുളം, പ്രസിഡന്റ് എൻ.ടി. ജേക്കബ്, ജനറൽ സെക്രട്ടറി സുഭാഷ് വെട്ടിക്കാട്ടിൽ, സി.ബി. ഷിബു, എബിഷ് കുരാപ്പിള്ളിൽ എന്നിവർ അറിയിച്ചു.