കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനും മെമ്പർക്കും മർദനം
1579430
Monday, July 28, 2025 5:05 AM IST
കിഴക്കമ്പലം : ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത് മടങ്ങാനൊരുങ്ങവെ, പഞ്ചായത്ത് പ്രസിഡന്റിനും മെബർക്കും നേരേ ആക്രമണം. പ്രസിഡന്റ് മിനി രതീഷ്, 11 ാം വാർഡ് മെമ്പർ അമ്പിളി വിജിൽ, അന്പിളിയുടെ ഭർത്താവ് വിജിൽ എന്നിവരെ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തശേഷം കോളനിഭാഗത്തുവച്ച് ഒരു കൂട്ടം ആളുകൾ വലിയ കല്ലുകളുമായി റോഡിലെ കുഴികൾ മൂടുന്നത് ശ്രദ്ധയിൽപ്പെട്ടത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾക്കു നേരെ അസഭ്യവർഷവും ആക്രമണവും ഉണ്ടായതെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിൽ കഴിയുന്ന ഇവരുടെ മൊഴി പോലീസ് രാത്രി രേഖപ്പെടുത്തി. പട്ടിമറ്റം പോലീസ് പരിധിയിലാണ് സംഭവം.
സംഘർഷാവസ്ഥ ഒഴിവാക്കാൻ തടിയിട്ടപറമ്പ് പോലീസ് ആശുപത്രിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പട്ടികജാതി, പട്ടിക വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്റായ തന്നെ ജാതി അധിക്ഷേപം നടത്തി മർദിക്കുകയായിരുന്നുവെന്ന് മിനി രതീഷ് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമിച്ചവരെ കണ്ടാൽ തിരിച്ചറിയുമെന്നും അവർ പറഞ്ഞു.