ഭൂരഹിതർക്ക് ഭൂമി: കാമ്പയിൻ ആരംഭിച്ചു
1579637
Tuesday, July 29, 2025 3:34 AM IST
പിറവം: നഗരസഭയിൽ ഭൂരഹിതർക്ക് സ്വന്തമായി വീട് നിർമിച്ച് നൽകുന്നതിനായി മൂന്നു സെന്റ് ഭൂമി വീതം കണ്ടെത്തുന്നതിനുള്ള പദ്ധതിയായ "മനസോടിത്തിരി മണ്ണ്’ കാമ്പയിൻ ആരംഭിച്ചു.
153 ഉപയോക്താക്കൾക്ക് സ്വന്തമായി ഭവനം നിർമിക്കുന്നതിനായി കുറഞ്ഞത് മൂന്നു സെന്റ് ഭൂമി എങ്കിലും ദാനം ചെയ്യുന്നതിന് സന്മനസുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ കണ്ടെത്താനാണ് നഗരസഭാ തലത്തിൽ കാമ്പയിന് തുടക്കമായിരിക്കുന്നത്.
നഗരസഭ ചെയർപേഴ്സൺ ജൂലി സാബു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സണ്ണി ഓണശേരിൽ അദ്ദേഹത്തിന്റെ ആറ് സെന്റ് സ്ഥലം നഗരസഭയിൽ ഭൂഭവന രഹിതകർക്കായി സൗജന്യമായി നൽകുന്നതിന് ആവശ്യമായ രേഖകൾ കൈമാറി.
കൂടാതെ നിരവധി പേർ ഭൂമി കൊടുക്കുന്നതിനായി സന്നദ്ധരായിട്ടുണ്ടെന്നും ഭൂമി കൈമാറാൻ താൽപ്പര്യമുള്ളവർ നഗരസഭയുമായി ബന്ധപ്പെടണമെന്നും ചെയർപേഴ്സൺ അറിയിച്ചു.