അരീക്കൽ ഫെസ്റ്റ്: യുഡിഎഫ് അംഗങ്ങൾ നേർക്കുനേർ
1579634
Tuesday, July 29, 2025 3:34 AM IST
പിറവം: പാമ്പാക്കുടയിൽ കഴിഞ്ഞ വർഷം നടന്ന അരീക്കൽ ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയിൽ അഴിമതി ആരോപങ്ങളുയർന്നു. ജില്ലയിലെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രമായ അരീക്കൽ വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ടാണ് ഫെസ്റ്റ് നടത്തിയത്.
പാമ്പാക്കുട പഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഈ വർഷവും ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനായി കമ്മിറ്റിയിൽ പ്രത്യേക അജണ്ടയായി വിളിച്ചു ചേർത്ത ആലോചന യോഗത്തിലാണ് യുഡിഎഫ് അംഗങ്ങൾ ചേരിതിരിഞ്ഞ് പണപ്പിരിവിന്റെ പേരിൽ ബഹളമുണ്ടാക്കിയത്. ഇതോടെ യുഡിഎഫ് ഭരണസമിതിയിൽ വീണ്ടും തമ്മിലടി രൂക്ഷമായിരിക്കുകയാണ്.
ഇന്നലെ ചേർന്ന കമ്മിറ്റിയിൽ എൽഡിഎഫ് അംഗം ബേബി കെ. ജോസഫ് അരീക്കൽ ഫെസ്റ്റ് നടത്തിപ്പിലെ പണപ്പിരിവ് സുതാര്യമായിരിക്കണമെന്ന നിർദ്ദേശം വച്ചു. ആറ് ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടും ഒരു ലക്ഷം രൂപ സ്വകാര്യ കോളജും ഫെസ്റ്റിനായി നൽകും. വേറെ തുക വേണമെങ്കിൽ കമ്മിറ്റി അറിഞ്ഞ് പിരിക്കണമെന്നാണ് എൽഡിഎഫ് നിർദ്ദേശം വച്ചത്. കഴിഞ്ഞവർഷം നടന്ന ഫെസ്റ്റിലെ അഴിമതിയും ഓഡിറ്റ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി. ജേക്കബ് വിഭാഗത്തിലെ രണ്ടാം വാർഡ് അംഗം ഫിലിപ്പ് ഇരട്ടിയാനിക്കൽ ഈ നിർദ്ദേശം സ്വാഗതം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനും പണപ്പിരിവിനെ ന്യായീകരിച്ചതോടെ തർക്കം രൂക്ഷമായതായി പറയുന്നു. ഇതിനിടെ എൽഡിഎഫ് അംഗങ്ങൾ കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി. അൽപ്പനേരത്തിന് ശേഷം പിരിച്ചുവിടുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് അരീക്കൽ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് 10 ദിവസത്തെ ഫെസ്റ്റാണ് നടക്കുക. യുഡിഎഫിലെ ഏതാനും അംഗങ്ങൾ പിരിവിനുള്ള മാർഗമായാണ് ഫെസ്റ്റിനെ കാണുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു.