കലാസൃഷ്ടികളുടെ അനുകരണങ്ങളെ സൃഷ്ടിക്കുന്നതിനുള്ള കഴിവാണ് നിർമിത ബുദ്ധിക്കുള്ളത്: എൻ.എസ്. മാധവൻ
1579913
Wednesday, July 30, 2025 4:36 AM IST
മൂവാറ്റുപുഴ: നിലവിലുള്ളതിനെ അനുകരിച്ച് സാഹിത്യ സൃഷ്ടികളെ സൃഷ്ടിക്കുന്നതിനാണ് നിർമിതബുദ്ധിക്ക് ശേഷിയുള്ളതെന്നും മറിച്ചൊരു സർഗാത്മക നവസൃഷ്ടി സാധ്യമല്ലെന്നും സാഹിത്യകാരൻ എൻ.എസ്. മാധവൻ.
മൂവാറ്റുപുഴ നിർമല കോളജിൽ 33-ാമത് മോണ്‍. തോമസ് നെടുംകല്ലേൽ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പ്രഭാഷണത്തിൽ കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, കണ്‍വീനർ പി.ബി സനീഷ്, ശോഭിത ജോയ, പി.ജെ. ജാസ്മിൻ മേരി എന്നിവർ പങ്കെടുത്തു. നിർമല കോളജിന്റെ പ്രഥമ പ്രിൻസിപ്പലായിരുന്നു മോണ്‍. തോമസ് നെടുംകല്ലേൽ. 1953 മുതൽ 1970 വരെയുള്ള 17 വർഷക്കാലമാണ് മോണ്‍. തോമസ് നെടുംകല്ലേൽ നിർമല കോളജിൽ സേവനമനുഷ്ടിച്ചത്.