വൃദ്ധയുടെ മരണം : മോഷണശ്രമം ചെറുക്കവെ, കൊല്ലപ്പെട്ടതെന്ന് സംശയം
1580085
Thursday, July 31, 2025 5:18 AM IST
പെരുമ്പാവൂർ: വൃദ്ധയെ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം, മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന നിഗമനത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സംഭവത്തിൽ നാല് ഇതരസംസ്ഥാനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തോട്ടുവ മനയ്ക്കപ്പടി വീട്ടിൽ ഔസേഫ് ഭാര്യ അന്നം (85)ആണ് ചൊവ്വാഴ്ച രാത്രിയോടെ സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. തോട്ടത്തിന്റെ നോട്ടക്കാരിയായിരുന്നു അന്നം.
ദിവസവും രാവിലെ 11.30 ഓടെ തോട്ടത്തിലേക്ക് പോകുന്ന അന്നം വൈകിട്ട് അഞ്ചോടെ വീട്ടിൽ തിരിച്ചെത്താറുണ്ട്. മരണദിവസവും രാവിലെ തോട്ടത്തിലേക്ക് പോയ ഇവരെ രാത്രിയായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൈയിൽ ധരിച്ചിരുന്ന അഞ്ചു സ്വർണ വളകളിൽ രണ്ടെണ്ണം നഷ്ടപ്പെട്ടിട്ടുണ്ട്. കൈയ്ക്കും മുഖത്തും പരിക്കുകളുമുണ്ട്. മാല വീട്ടിൽ ഊരിവച്ചിട്ടാണ് തോട്ടത്തിലേക്ക് പോകാറുള്ളത്. എന്നാൽ കൈയിലെ വള ഊരാറില്ലായിരുന്നു.
മൃതദേഹത്തിന് സമീപം തോട്ടത്തിൽ നിന്നു പെറുക്കിയ ജാതിക്കയും അന്നം കൊണ്ടുപോയ വളത്തിന്റെ കവറും കണ്ടെത്തി. വിരലയടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്ത് എത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സമീപവീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ചെന്നൈ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് തോട്ടം.
അഞ്ചു മക്കളുള്ള അന്നം, ഇളയ മകൻ ജോണിയോടൊപ്പമാണ് താമസിച്ചിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. മറ്റു മക്കൾ: മേരി, റോസിലി, ജോസ്, സ്റ്റീഫൻ. സംസ്കാരം ഇന്ന് രാവിലെ 10ന് തോട്ടുവ സെന്റ് ജോസഫ് പള്ളിയിൽ നടക്കും.