പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാര്‍ കാലാവധി നീട്ടി നല്കി
1580082
Thursday, July 31, 2025 5:18 AM IST
കൗൺസിൽ തീരുമാനം പ്രതിപക്ഷത്തിന്റെ എതിർപ്പുകളെ മറികടന്ന്
കൊച്ചി: പ്രതിപക്ഷ എതിര്‍പ്പുകളെ മറികടന്ന് ബ്രഹ്മപുരത്ത് ബയോമൈനിംഗ് നടത്തുന്ന ഭൂമി ഗ്രീന്‍ എനര്‍ജി കമ്പനിക്ക് കരാര്‍ കാലാവധി നീട്ടി നല്കി. കൊച്ചിയുടെ പൊതുവായ വിഷയത്തില്‍ തര്‍ക്കത്തിന് പോകുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ സെപ്റ്റംബര്‍ 30 വരെ കമ്പനിക്ക് കാലാവധി നീട്ടി നല്‍കിയത്.
സാമ്പത്തിക പ്രയാസം, മഴ എന്നിവ കാരണം നിലവിലെ സമയക്രമത്തില്‍ ബയോമൈനിംഗ് പൂര്‍ത്തിയാക്കാനാകില്ലെന്നും കരാര്‍ കാലാവധി നീട്ടി നല്‍കണമെന്നും ഭൂമി ഗ്രീന്‍ എനര്‍ജി ആവശ്യപ്പെട്ടിരുന്നു. കൗണ്‍സിലില്‍ വിഷയം പരിഗണിച്ചപ്പോള്‍ പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്തെത്തി.
ടണ്ണിന് 1690 രൂപയ്ക്ക് ഭൂമി ഗ്രീന്‍ എനര്‍ജിക്ക് കരാര്‍ ഒപ്പ് വയ്ക്കുമ്പോള്‍ 16 മാസ കാലാവധിയാണ് നല്‍കിയിരുന്നത്. സമയം ദീര്‍ഘിപ്പിച്ചു നല്കുമ്പോള് ഉയര്‍ന്ന നിരക്ക് നല്കാന് കഴിയില്ലെന്നു പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിലും പറഞ്ഞു.
ബയോമൈനിംഗ് 90 ശതമാനം പൂര്‍ത്തിയാക്കിയെന്നും ശേഷിക്കുന്നത് കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കാനാണ് കമ്പനിയുടെ ആവശ്യം അംഗീകരിച്ചതെന്നും മേയര്‍ പറഞ്ഞു. മാലിന്യ വിഷയത്തെ രാഷ്ട്രീയമായി കാണുന്നത് ശരിയല്ല. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഭൂമി ഗ്രീന്‍ എനര്‍ജി.
ആര്‍ഡിഎഫിന്റെ തൂക്കം നോക്കിയല്ല, മാലിന്യത്തിന്റെ അളവ് നോക്കിയാണ് ബില്‍ നല്‍കിയതെന്നും ഇക്കാര്യങ്ങളില്‍ ആര്‍ക്കും പരിശോധന നടത്താമെന്നും മേയര്‍ പറഞ്ഞു.