കന്യാസ്ത്രീമാരുടെ അറസ്റ്റ് : കോതമംഗലത്ത് ആം ആദ്മി പ്രതിഷേധം
1580076
Thursday, July 31, 2025 5:00 AM IST
കോതമംഗലം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി കോതമംഗലത്ത് പ്രകടനം സംഘടിപ്പിച്ചു. കെസിബിസി സംസ്ഥാന മദ്യവിരുദ്ധ ഏകോപന സമിതി മധ്യമേഖല പ്രസിഡന്റ് ജെയിസ് കോറന്പേൽ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കൽ അധ്യക്ഷത വഹിച്ചു. എകെസിസി രൂപത സെക്രട്ടറി ജിജി പുളിക്കൽ, ഗ്രീൻ വിഷൻ സംസ്ഥാന സെക്രട്ടറി ജോണ്സൻ കറുകപ്പിള്ളി, ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ഗോപിനാഥൻ, സെക്രട്ടറി റെജി ജോർജ്, ട്രഷറർ ലാലു മാത്യു, ജിജോ പൗലോസ്, എം.എ. രവി, ബാബു പിച്ചാട്ട്, ജിയോ സണ്ണി, സാബു കുരിശിങ്കൽ, സി.കെ. കുമാരൻ, കെ.സി. ബോസ്, സാജൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
ബിജെപി രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം വിതയ്ക്കാൻ ശ്രമിക്കുന്നു: എംഎൽഎ
മൂവാറ്റുപുഴ: ബിജെപിക്കും സംഘപരിവാറിനും സ്തുതി പാടുന്നവർക്ക് കേക്കും മധുരവും നൽകിയും മറിച്ചു ബൈബിളിൽ എഴുതപ്പെട്ട വാക്യങ്ങൾ പോലെ പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവർക്ക് കൈവിലങ്ങും എന്നതാണ് ബിജെപി നയമെന്നും മാത്യു കുഴൽനാടൻ എംഎൽഎ.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു മൂവാറ്റുപുഴ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയും കെപിസിസി മൈനോരിറ്റി സെൽ നിയോജകമണ്ഡലം കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച സമര ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം വിതയ്ക്കാനാണ് നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുന്നത്. തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നതിനാണ് സംഘപരിവാർ ശ്രമം. ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ തീവ്ര സംഘടനകൾക്ക് പ്രോത്സാഹനം നൽകുന്നത് ബിജെപി സർക്കാരാണ്.
കേരളത്തിലെ ക്രൈസ്തവരോട് ബിജെപി കാണിക്കുന്നത് കാപട്യം നിറഞ്ഞ സ്നേഹമാണ്. കഴിഞ്ഞ 10 വർഷങ്ങളിൽ 4200 ഓളം ക്രൈസ്തവരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെട്ടത്. ക്രൈസ്തവരെ നിരന്തരം ഭയപ്പെടുത്തി അവരെ തങ്ങൾക്ക് അനുകൂലമാക്കാനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് അധ്യക്ഷത വഹിച്ചു.
കേരള കോണ്ഗ്രസ് പ്രതിഷേധ മാർച്ചും ധർണയും നടത്തി
കോതമംഗലം: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് രണ്ട് കന്യാസ്ത്രീമാരെ ജയിലിലടച്ച കിരാത നടപടിക്കെതിരെയും മതന്യൂനപക്ഷങ്ങളുടെ നേരെ നടക്കുന്ന അതിക്രമങ്ങൾക്കുമെതിരെ കേരള കോണ്ഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ വായ മൂടിക്കെട്ടി പ്രതിഷേധ മാർച്ചും പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണയും നടത്തി.
മുൻ മന്ത്രി ടി.യു. കുരുവിള ധർണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി.
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കോതമംഗലം: ഛത്തീസ്ഗഡിൽ മലയാളികളായ സിസ്റ്റർ വന്ദന, സിസ്റ്റർ പ്രീതി എന്നീ കന്യാസ്ത്രീമാരെ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചതിൽ കോതമംഗലം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെപിസിസി അംഗം എ.ജി. ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനയ്ക്കൽ അധ്യക്ഷത വഹിച്ചു.
പ്രതിഷേധ സമ്മേളനം
പിറവം: ഛത്തീസ്ഗഡിൽ ജയിലിലടയ്ക്കപ്പെട്ട കന്യാസ്ത്രീമാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടും മലങ്കര കാത്തലിക് അസോസിയേഷൻ മൂവാറ്റുപുഴ ഭദ്രാസന സമിതിയും പിറവം മേഖലയിലെ വിവിധ ക്രൈസ്തവ കൂട്ടായ്മകളും സംയുക്തമായി പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിച്ചു.
പിറവം സെന്റ് മേരീസ് ബേത്ലഹേം മലങ്കര കത്തോലിക്ക പള്ളിയിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി ടൗണിൽ അവസാനിച്ചു. തുടർന്ന് പ്രതിഷേധ സമ്മേളനത്തിന് എംസിഎ മൂവാറ്റുപുഴ ഭദ്രാസന പ്രസിഡന്റ് ജേക്കബ് ഞാറക്കാട് അധ്യക്ഷത വഹിച്ചു. മേഖലാ വികാരി ഫാ. ഐസക് കോച്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ജൂലി സാബു മുഖ്യപ്രഭാഷണം നടത്തി.
കാവക്കാട് പള്ളിയിൽ പ്രതിഷേധിച്ചു
കാവക്കാട്: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാവക്കാട് നിത്യസഹായമാത പള്ളിയിൽ പിതൃവേദിയുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ പള്ളിയങ്കണത്തിൽ പ്രതിഷേധ യോഗം നടത്തി.
ഫാ. ഫ്രാൻസിസ് ഇടക്കുടി ഉദ്ഘാടനം ചെയ്തു. വി.എം. ഫ്രാൻസീസ്, മാത്യൂസ് കളപ്പുര, പി.എം. ജോസ്, സിസ്റ്റർ ആൻസി വെട്ടുപാറയ്ക്കൽ, സിസ്റ്റർ ഡാലിയ, ഷിവാഗോ തോമസ്, പി.സി. ഷൈബി ജോസഫ് വടക്കേടത്ത്, റീത്ത ജോർജ്, ലിറ്റി റോണി, ജിൻസ ഡാലു, അന്നക്കുട്ടി മാത്യൂസ്, മോളി ജോബി, ജോയി പാലക്കുടി, ലിജോ നന്പ്യാട്ടേൽ, ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു.
സിപിഐ പ്രതിഷേധ ജ്വാല തെളിച്ചു
മൂവാറ്റുപുഴ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ, എഐവൈഎഫ് കുര്യൻമല ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. സിപിഐ ലോക്കൽ കമ്മിറ്റിയംഗം സി.എ. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സി.എൻ. ഷാനവാസ്, ടി.ബി. മാഹീൻ, കെ.ബി രവി എന്നിവർ പ്രസംഗിച്ചു.
ധർണ നടത്തി
കോതമംഗലം: കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള കോണ്ഗ്രസ്-ജേക്കബ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. സമരം ജില്ല പ്രസിഡന്റ് ഇ.എം. മൈക്കിൾ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു.
പ്രതിഷേധ സദസ്
വാഴക്കുളം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് മഞ്ഞള്ളൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഴക്കുളത്ത് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട് അധ്യക്ഷത വഹിച്ചു.
പ്രതിഷേധ പ്രകടനവും യോഗവും
മൂവാറ്റുപുഴ: കന്യാസ്ത്രീമാരെ ആക്രമിക്കുകയും തുറങ്കിലടക്കുകയും ചെയ്ത ആർഎസ്എസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ആരക്കുഴ മൂഴിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ഫെബിൻ പി. മൂസ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് കെ.കെ. അനീഷ് അധ്യക്ഷത വഹിച്ചു.