ഓടയുടെ സ്ലാബുകൾ തകർന്നത് അപകട ഭീഷണിയാകുന്നു
1579910
Wednesday, July 30, 2025 4:36 AM IST
മൂവാറ്റുപുഴ: ദിനംപ്രതി സ്കൂൾ വിദ്യാർഥികൾ അടക്കം നിരവധി യാത്രക്കാർ ആശ്രയിക്കുന്ന മൂവാറ്റുപുഴ കാവുംപടി റോഡിലെ ഓടയുടെ സ്ലാബുകൾ തകർന്ന് കുഴികളായിരിക്കുന്നത് അപകട ഭീഷണിയാകുന്നു. കാവുംപടി റോഡിലെ വിവിധ ഇടങ്ങളിലാണ് സ്ലാബുകൾ തകർന്നു കിടക്കുന്നത്.
പോലീസ് സ്റ്റേഷൻ, കോടതി, നഗരസഭ കാര്യാലയം, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളെ സമീപിക്കുന്നതിന് നിരവധി കാൽനട യാത്രക്കാരാണ് കാവുംപടി റോഡിനെ ആശ്രയിക്കുന്നത്.
എന്നാൽ സ്ലാബുകൾ തകർന്നു കിടക്കുന്നത് അപകട ഭീഷണിയായി മാറുകയാണ്. സ്ലാബുകൾ പൊട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെടാതെയെത്തുന്ന കാൽനട യാത്രക്കാർ കുഴിയിൽ വീഴാനുള്ള സാധ്യതയേറെയാണ്.
നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി വണ്‍വേ സന്പ്രദായം ഏർപ്പെടുത്തിയതോടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കാവുംപടി റോഡിലൂടെ സഞ്ചരിക്കുന്നത്.
എന്നാൽ യാത്രക്കാരെ അപകട ഭീഷണിയിലാക്കി സ്ലാബുകൾ തകർന്നു കിടന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
നാളുകൾക്ക് മുൻപ് തടിലോറി മറിഞ്ഞതിനെ തുടർന്ന് ഓട തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നതും ഇതുവരെയും മൂടിയിട്ടില്ല.