ദേശീയപാത നിർമാണ വിലക്ക്: ലോംഗ് മാർച്ചിൽ ആയിരങ്ങൾ അണിനിരക്കും
1579912
Wednesday, July 30, 2025 4:36 AM IST
തൊടുപുഴ: ദേശീയ പാത-85ന്റെ ഭാഗമായ നേര്യമംഗലം-വാളറ ഭാഗത്തെ നിർമാണം തടഞ്ഞ നടപടിയിൽ പ്രതിഷേധിച്ച് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 31നു നേര്യമംഗലത്തേക്കു നടത്തുന്ന ലോംഗ് മാർച്ചിൽ ആയിരങ്ങൾ അണിനിരക്കുമെന്ന് സംരക്ഷണസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ മത, സാമൂഹ്യ, സാംസ്കാരിക സംഘടനകളും മതമേലധ്യക്ഷൻമാരും ഉൾപ്പെടെ ലോംഗ് മാർച്ചിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 12-ഓടെ നേര്യമംഗലം പാലത്തിനു സമീപം മാർച്ച് സമാപിക്കും. തുടർന്നു ചേരുന്ന പൊതുസമ്മേളനത്തിൽ പ്രമുഖർ പ്രസംഗിക്കും. ദേശീയ പാതയിലെ നിർമാണം തടഞ്ഞ ഭാഗം 1924-ലെ മഹാപ്രളയത്തെ തുടർന്നു പഴയ ആലുവ-മൂന്നാർ റോഡ് തകർന്നു പോയശേഷം 1932-ൽ നിർമിച്ചതാണ്.
പിന്നീടിത് കൊച്ചി-രാമേശ്വരം ദേശീയപാതയുടെ ഭാഗമായി മാറി. പാതയുടെ നിർമിതിക്കുവേണ്ടി ശ്രമിച്ചപ്പോഴൊക്കെ വനംവകുപ്പ് തടസവാദവുമായി രംഗത്തെത്തിയിരുന്നു. 1996-ൽ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിലൂടെ വനംവകുപ്പ് ദേശീയപാത നിർമാണത്തിൽ ഇടപെടുന്നത് വിലക്കിയിരുന്നു.
ഒടുവിൽ 2023ലാണ് ദേശീയ പാത വികസനത്തിനുള്ള നിലവിലെ നിർമാണങ്ങൾ ആരംഭിച്ചത്. ഈ ഘട്ടത്തിലും വനംവകുപ്പ് തടസവാദം ഉന്നയിച്ചു. ഈ അവസരത്തിൽ സിജുമോൻ ഫ്രാൻസിസും മകൾ കിരണ് സിജുവും മറ്റുചിലരും ചേർന്ന് വനംവകുപ്പിന്റെ ഇടപെടൽ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി.
ഇതേത്തുടർന്ന് 1997ൽ പ്രാബല്യത്തിൽ വന്ന റീസർവേ രേഖകൾ പ്രകാരം ദേശീയപാതയുടെ ഇരുവശവും പുറന്പോക്കാണെന്ന എൻഎച്ച്എയുടെ നിലപാട് അംഗീകരിക്കുകയും വനംവകുപ്പ് റോഡ് നിർമാണം തടസപ്പെടുത്തുന്നത് ഹൈക്കോടതി വിലക്കുകയും ചെയ്തിരുന്നു.
ഈ ഉത്തരവിനെതിരേ പുനഃപരിശോധനാ ഹർജി നൽകാൻ വനംവകുപ്പ് നീക്കം ആരംഭിച്ചപ്പോൾ എംഎൽഎമാരായ എം.എം. മണി, എ. രാജ, ആന്റണി ജോണ് എന്നിവരും സംഘടനാ പ്രതിനിധികളും മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പുനഃപരിശോധനാ ഹർജി നൽകേണ്ടതില്ലെന്നും പാതയുടെ നിർമാണവുമായി മുന്നോട്ടുപോകാനും നിർദേശം നൽകിയിരുന്നു.
എം.എൻ. ജയചന്ദ്രൻ ഫയൽ ചെയ്ത ഹർജിയിൽ പാത നിർമാണം നിർത്തിവച്ച ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേസ് നടത്തിപ്പിന്റെ ഉത്തരവാദിത്വം വനംവകുപ്പ് അഭിഭാഷകനിൽനിന്നു മാറ്റി സ്റ്റേറ്റ് അറ്റോർണിയെ ചുമതലപ്പെടുത്തുകയും വനം അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ തിരുത്തൽ നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ തീരുമാനം നടപ്പായിരുന്നെങ്കിൽ ഏകപക്ഷീയമായ ഇടക്കാല വിധിയുണ്ടാകുമായിരുന്നില്ല. ഇനിയെങ്കിലും രേഖകൾ കോടതിയിൽ സമർപ്പിക്കാനും അനുകൂല വിധി നേടിയെടുക്കാനും നടപടിയുണ്ടാകണമെന്നുംഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ പി.എം. ബേബി, റസാക്ക് ചൂരവേലിൽ, ഡയസ് ജോസ്, കെ.കെ. രാജൻ എന്നിവർ പങ്കെടുത്തു.