കളമശേരി പോളിടെക്നിക്് ലഹരിക്കേസ് : മുഖ്യപ്രതി ഒഡീഷയില്‍ അറസ്റ്റില്‍
1579660
Tuesday, July 29, 2025 3:35 AM IST
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ (പെരിയാര്‍) നിന്ന് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയ കേസിലെ മുഖ്യപ്രതി ഒഡീഷയില്‍ നിന്ന് അറസ്റ്റിലായി.
ഒഡീഷ ദരിഗ്ബാദ് സ്വദേശി അജയ് പ്രഥാനെ(33)യാണ് ഡിസിപി ജുവനപ്പടി മഹേഷിന്റെ മേല്‍നോട്ടത്തില്‍ കളമശേരി പോലീസ് സ്റ്റേഷനിലെ എസ്ഐ സെബാസ്റ്റ്യന്‍ പി. ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒഡീഷയില്‍ നിന്ന് സാഹസികമായി പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇയാളാണ് ഹോസ്റ്റലിലേക്ക് എത്തിക്കാന്‍ ഇതരസംസ്ഥാനക്കാരുടെ സംഘത്തിന് കഞ്ചാവ് കൈമാറിയത്.
ഒഡീഷയിലെ ഉള്‍പ്രദേശമായ ദരിഗ്ബാദിലാണ് ഇയാള്‍ താമസിച്ചിരുന്നത്. സുലഭമായി കഞ്ചാവ് കൃഷിയുള്ള ഇവിടെനിന്നാണ് കളമശേരി പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. പുറത്തുനിന്ന് പെട്ടെന്ന് ഈ ഗ്രാമത്തിലേക്ക് എത്തുക ദുഷ്കരമായിരുന്നു. അവിടെ ചെന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി ഡിസിപി ജുവനപ്പടി മഹേഷ് ഒഡീഷ പോലീസിന്റെ സഹായം തേടിയിരുന്നു. ഒഡീഷ പോലീസിന്റെ സഹായത്തോടെ സാഹസികമായിട്ടാണ് അജയ് പ്രഥാനെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ മുമ്പ് ഏഴുമാസം കൊച്ചിയിലും കോട്ടയത്തുമായി താമസിച്ചിരുന്നുവെന്നാണ് പോലീസിന് മൊഴി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് 15ന് നടത്തിയ പോലീസ് പരിശോധനയിലാണ് പെരിയാര്‍ ഹോസ്റ്റലില്‍ നിന്നു രണ്ടു കിലോ കഞ്ചാവും മദ്യവും പിടികൂടിയത്. കഞ്ചാവ് അളന്ന് ചെറിയ പായ്ക്കറ്റുകളിലേക്കു മാറ്റുന്നതിനിടെയായിരുന്നു റെയ്ഡ്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ്, ആലപ്പുഴ സ്വദേശി ആദിത്യന്, കൊല്ലം സ്വദേശിയും കോളജിലെ യൂണിയന് ജനറല്‍ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ അഭിരാജ് എന്നിവരെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോളിടെക്നിക്കിലെ പൂര്‍വവിദ്യാര്‍ഥികളായ മുഹമ്മദ് ആഷിഖും കെ.എസ്. ഷാലിഖും പിടിയിലായി. മുഹമ്മദ് ആഷിഖാണ് പ്രധാന ലഹരി ഇടപാടുകാരനെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് ജില്ലക്കാരായ സുഹൈല്‍ ഷേഖ്, എഹിന്തോ മണ്ഡല്, ദീപു മണ്ഡല് എന്നിവര്‍ അറസ്റ്റിലായത്. സുഹൈല്‍ ആയിരുന്നു കഞ്ചാവ് നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.