ജില്ലയിൽ പെയ്ത മഴയ്ക്ക് കണക്കില്ല
1579659
Tuesday, July 29, 2025 3:35 AM IST
കൊച്ചി: മഴയുടെ ശക്തിയും തോതും അളന്ന് തിട്ടപ്പെടുത്തി കാലാവസ്ഥാ മുന്നറിയിപ്പ് നല്കാന് സഹായിക്കുന്ന സംസ്ഥാന കാലാവസ്ഥ വകുപ്പിന്റെ മഴമാപിനി സ്റ്റേഷനുകള്‍ പ്രവര്‍ത്തന രഹിതം. ജില്ലയിലെ ഒന്‍പത് വെതര്‍ സ്റ്റേഷനുകളില്‍ കളമശേരി, നേര്യമംഗലം, പള്ളുരുത്തി സ്റ്റേഷനുകളാണ് കാലങ്ങളായി പ്രവര്‍ത്തനരഹിതമായിരിക്കുന്നത്.
കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പേ കേടുപാടുകള്‍ പരിഹരിച്ച് ഇവ പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് ആവശ്യം ശക്തമായിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ആലുവ, ചൂണ്ടി, ഇടമലയാര്‍, കൂത്താട്ടുകുളം, മട്ടാഞ്ചേരി, ഓടക്കാലി എന്നിവിടങ്ങളിലാണ് കാലാവസ്ഥാ വകുപ്പിന്റെ കീഴില്‍ ജില്ലയിലെ മറ്റ് മഴമാപിനി സ്റ്റേഷനുകള്‍. ഇവ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്ന ആക്ഷേപവുമുണ്ട്.
ഇവയ്ക്കു പുറമേ നഗരത്തില്‍ ദര്‍ബാര്‍ ഹാള്‍, കടവന്ത്ര, ബോട്ട്ജെട്ടി ഭാഗങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെയും നേര്യമംഗലം, ഭൂതത്താന്‍കെട്ട്, കീരമ്പാറ എന്നിവിടങ്ങളില്‍ ഇറിഗേഷന്‍ വകുപ്പിന്റെയും മഴമാപിനി സ്റ്റേഷനുകളുമുണ്ട്.
ഇത്രയും സ്റ്റേഷനുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെയ്ത മഴയുടെ അളവും ശക്തിയും തിട്ടപ്പെടുത്തി കലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നത്.
പൊതുജനം വിവരങ്ങള്‍ അറിയേണ്ട
മഴമാപിനിയില്‍ നിന്നുള്ള വിവരങ്ങള്‍ കാലാവസ്ഥാ വകുപ്പിന്റെ വെബ്സൈറ്റുവഴി പൊതുജനത്തിനും ലഭ്യമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മേയ് മുതല്‍ ഈ അവസരം ലഭ്യമല്ല.
ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി സുരക്ഷ കണക്കിലെടുത്ത് വെബ്സൈറ്റിന് ചില നിയന്ത്രണങ്ങള്‍ വരുത്തിയതാണ് കാരണം. എന്നാല്‍ തങ്ങളുടെ പ്രദേശത്തെ മഴയുടെ വിവരങ്ങള്‍ അറിയാനുള്ള അവസരം തിരികെ ലഭ്യമാക്കണമെന്ന് ജനങ്ങളുടെ ആവശ്യത്തോട് വകുപ്പ് മുഖം തിരിക്കുകയാണ്. വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും വെബ്സൈറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
മഴ മാറി...
വെയില് വന്നു
മൂന്നു ദിവസമായി ജില്ലയില്‍ വ്യാപകമായി പെയ്ത ശക്തമായ മഴയ്ക്ക് ശമനം വന്നതായാണ് കാലാവസ്ഥാ വകുപ്പില്‍ നിന്നുള്ള വിവരം. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മാറിപ്പോയതാണ് മഴയ്ക്ക് ശമനമുണ്ടാകാന്‍ കാരണം.
എങ്കിലും രണ്ടു ദിവസത്തേക്ക് ഇടവിട്ട മഴയും കാറ്റും ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. ഒരാഴ്ചയ്ക്കു ശേഷം മഴ മടങ്ങി വന്നേക്കാമെന്നും അറിയിച്ചു.