വൻ മരങ്ങൾ അപകട ഭീഷണി ശിഖരങ്ങള്‍ നീക്കണമെന്ന്
1579651
Tuesday, July 29, 2025 3:35 AM IST
മട്ടാഞ്ചേരി: മട്ടാഞ്ചേരി-ഫോര്‍ട്ട്കൊച്ചി ഭാഗങ്ങളില്‍ അപകട ഭീഷണിയുയർത്തി നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൻ മരങ്ങൾ. ഇവ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീണുമെല്ലാം അപകടങ്ങള്‍ പതിവാകുകയാണ്. മഴക്കാലത്തിനു മുന്‍പേ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിനീക്കുന്ന പതിവ് പേരിനു മാത്രമാക്കി അധികൃതർ അവസാനിപ്പിച്ചതായാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ ദിവസം ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് മൈതാനിയിലെ കൂറ്റന്‍ മരം മറിഞ്ഞ് വീണു. പുലര്‍ച്ചെയായതിനാല്‍ ആളപായമുണ്ടായില്ല. കമാലക്കടവിലെ പെട്രോള്‍ പമ്പിനു സമീപവും, ഫോര്‍ട്ട്കൊച്ചി എസ്.എസ്. കൃഷ്ണന് റോഡിലും വൻ മരങ്ങൾ വീണ് ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും വൈദ്യുത പോസ്റ്റുകളും തകർന്ന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
തോപ്പുംപടി കെ.വി. തോമസ് ജംഗ്ഷനിൽ നർത്തിയിട്ടിരുന്ന ബസിനു മുകളിലേക്ക് മരം വീണ് നാശ നഷ്ടമുണ്ടായി. ഇത്തരത്തില്‍ അപകടാവസ്ഥയിൽ മരങ്ങൾ കൊച്ചിയിൽ പലയിടത്തും നില്‍ക്കുന്നുണ്ട്. ഇവയുടെ ശിഖരങ്ങള്‍ വെട്ടി മാറ്റണമെന്നാണ് ആവശ്യം. ഫോര്‍ട്ട്കൊച്ചിയിലെ നൂറ്റാണ്ട് പഴക്കമുള്ളതും ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ സെന്റ് ഫ്രാന്‍സിസ് സിഎസ്ഐ ചര്‍ച്ച് എല്‍പി സ്കൂളിനു മുകളിലേക്ക് ചാഞ്ഞുനില്ക്കുന്ന മരത്തിന്റെ ശിഖരങ്ങളും അപകടഭീതി ഉണർത്തുന്നതാണ്.
മരത്തിന്റെ ശിഖരങ്ങള്‍ അടിയന്തരമായി വെട്ടിനീക്കണമെന്ന ആവശ്യപ്പെട്ട് കൗൺസിലർ ആന്റണി കുരീത്തറ പൊതുമരാമത്തു വകുപ്പിന് പരാതി നൽകി.