കാപ്പ ചുമത്തി നാടു കടത്തി
1579655
Tuesday, July 29, 2025 3:35 AM IST
വരാപ്പുഴ: നിരന്തര കുറ്റവാളികളായ രണ്ടു പേരെ കാപ്പ ചുമത്തി നാടു കടത്തി. വരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരതാമസക്കാരായ കോട്ടുവള്ളി കാവിൽനട കട്ടത്തറ വീട്ടിൽ അഭിരാം (24), ആലങ്ങാട് കരിങ്ങാത്തുരുത്ത് മാലോത്ത് തറയിൽ അഭിജിത്ത് (24) എന്നിവരെയാണ് കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടു കടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം മേഖലാ ഡിഐജി ഡോ. സതീഷ് ബിനോ ആണ് ഉത്തരവിട്ടത്.
കഴിഞ്ഞ നാലു വർഷമായി വരാപ്പുഴ, നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണിവർ.
ഏപ്രിലിൽ തിരുമുപ്പത്ത് പ്രവർത്തിക്കുന്ന കടയിൽ എത്തി അവിടുത്തെ ജോലിക്കാരനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കോൺക്രീറ്റ് കഷണം കൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് വരാപ്പുഴ പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.