ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 89,75,000 തട്ടിയയാൾ പിടിയിൽ
1579662
Tuesday, July 29, 2025 3:35 AM IST
ചോറ്റാനിക്കര: ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തയാളെ പോലീസ് പിടികൂടി. കടുങ്ങല്ലൂർ പാനായിക്കുളം പുതിയറോഡ് ഭാഗത്ത് മുക്കത്ത് വീട്ടിൽ ബിജു (തോമസ് സെബാസ്റ്റ്യൻ-55)വിനെയാണ് ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്. ചോറ്റാനിക്കര സ്വദേശിയായ സ്ത്രീയുടെ പക്കൽനിന്നാണ് പ്രതി പണം തട്ടിയെടുത്തത്.
ഇൻകം ടാക്സ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ചോറ്റാനിക്കര സ്വദേശിനി യുമായി ഇയാൾ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തി പല തവണയായി 89,75,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ചോറ്റാനിക്കര എസ്എച്ച്ഒ കെ.എൻ. മനോജ്, എസ്ഐമാരായ സതീഷ് കുമാർ, അനിൽ കുമാർ, എഎസ്ഐ രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ നേരത്തെയും സമാന കേസുകളിലും ചെക്ക് കേസുകളിലും ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.