എരൂർ സ്കൂൾ കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണു
1579647
Tuesday, July 29, 2025 3:35 AM IST
തൃപ്പൂണിത്തുറ: എരൂർ ഗവ. കെഎംയുപി സ്കൂൾ കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണു. മുൻപ് അടുക്കളയായി ഉപയോഗിച്ചിരുന്ന പഴക്കം ചെന്ന കെട്ടിടത്തിന്റെ പിൻവശത്തെ മതിലാണ് ഞായറാഴ്ച ഇടിഞ്ഞുവീണത്. കെട്ടിടത്തിന് നൂറുവർഷം പഴക്കമുണ്ട്. സ്കൂൾ കോമ്പൗണ്ടിനകത്താണ് കെട്ടിടം.
നിലവിൽ പുതിയ കെട്ടിടത്തിലാണ് സ്കൂളും അടുക്കളയുമുൾപ്പെടെ പ്രവർത്തിക്കുന്നത്. തുടർച്ചയായി അവധിയായിരുന്നതിനാലും സ്കൂൾ വളപ്പിൽ ആരുമില്ലാതിരുന്നതിനാലുമാണ് അപകടം ഒഴിവായതെന്ന് പറയുന്നു. കേടുപാടുകള്‍ സംഭവിച്ചതും നിലവില്‍ ഉപയോഗിക്കാത്തതുമായ പാചകപ്പുര അടിയന്തിരമായി പൊളിച്ചുമാറ്റുന്നതിന് നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായി നഗരസഭാ അധ്യക്ഷ രമ സന്തോഷ് അറിയിച്ചു.