പലചരക്ക് കടയിൽനിന്ന് അഞ്ചു ലക്ഷം മോഷ്ടിച്ച സംഭവം : നാലാംനാൾ പ്രതി പിടിയിൽ
1579908
Wednesday, July 30, 2025 4:36 AM IST
മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിൽനിന്ന് അഞ്ച് ലക്ഷത്തോളം രൂപ മോഷ്ടിച്ച പ്രതി നാലാംനാൾ പോലീസ് പിടിയിൽ. മുളവൂർ പെരുമറ്റം വാലടിത്തണ്ട് തേക്കുംക്കാട്ടിൽ ഹനീഫ ഹുസൈനെ (56)യാണ് മൂവാറ്റുപുഴ എസ്എച്ച്ഒ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
പി.ഒ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പലചരക്ക് കടയിൽ ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു മോഷണം. മുഹമ്മദ് ഗുലാം കട തുറക്കുന്നതിനിടെ സ്കൂട്ടറിൽ എത്തിയ ഹനീഫ ഹുസൈൻ ഉടമയുടെ ശ്രദ്ധ മാറിയ സമയം നോക്കി മേശയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ വാഴക്കുളം, ഹിൽപാലസ്, കുറുപ്പംപടി എന്നിവിടങ്ങളിൽ സമാന മോഷണകേസുകൾ നിലവിലുണ്ട്.
പ്രതിയിൽനിന്ന് മോഷണ മുതൽ പോലീസ് കണ്ടെടുത്തു. സിസിടിവി കാമറകൾ നിരീക്ഷണം നടത്തിയും ശാസ്ത്രീയ രീതികൾ അവലംബിച്ചുമാണ് പോലീസ് പ്രതിയെ പിടികൂടിയത്. മോഷണത്തിന് എത്തിയ വാഹനവും പോലീസ് കണ്ടെടുത്തു. രണ്ട് ഭാര്യമാരും മക്കളും അടങ്ങുന്ന കുടുംബം പുലർത്തുന്നതിനും ആർഭാട ജീവിതത്തിനുമായിട്ടാണ് മോഷണം നടത്തുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ വിഷ്ണു രാജു, കെ.കെ. രാജേഷ്, എം.ആർ. രജിത്, പി.വി. എൽദോസ്, പി.സി. ജയകുമാർ, സീനിയർ സിപിഒമാരായ ബിബിൽ മോഹൻ, രഞ്ജിത് രാജൻ, സിപിഒ ശ്രീജു രാജൻ എന്നിവരും ഉണ്ടായിരുന്നു.