നെല്ലാട് - കിഴക്കമ്പലം റോഡിൽ മഞ്ചനാടിൽ അപകടം പതിവ്
1580073
Thursday, July 31, 2025 5:00 AM IST
കോലഞ്ചേരി: തേക്കടി-എറണാകുളം സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ നെല്ലാട്-കിഴക്കമ്പലം റോഡിൽ മഞ്ചനാട് ഭാഗത്ത് അപകടം തുടർക്കഥയാകുന്നു. നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്ത റോഡാണിത്.
ഒരു വശം പെരിയാർവാലി കനാലിന്റെ മഞ്ചനാട് ഡിസ്ട്രിബ്യൂട്ടറിയുടെ മഞ്ചനാട് പാടശേഖരത്തിലേക്കുള്ള ടെയിൽ എൻഡ് കനാലും തെക്ക് വശത്ത് പൂർത്തീകരിക്കാത്ത ആഴം കൂടിയ ഓടയും സ്ഥിതി ചെയ്യുന്ന ഇവിടം റോഡ് അപകടകരമായ രീതിയിൽ ഉയർത്തി പണിതതിനാൽ രണ്ടു വലിയ വാഹനങ്ങൾ വന്നാൽ കാൽനട യാത്രക്കാർക്കോ സൈക്കിൾ യാത്രക്കാർക്കോ ഇരുചക്ര വാഹന യാത്രക്കാർക്കോ മാറാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
ഒട്ടനവധി ബസുകൾ സർവീസ് നടത്തുന്ന ഈ റോഡിൽ ഉന്നത നിലവാരത്തിൽ ടാർ ചെയ്തതോടെ വാഹനത്തിരക്ക് കൂടിയിട്ടുണ്ട്. ഇതുവരെ ഇരുപതോളം അപകടങ്ങൾ നടന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി.
ദിനംപ്രതിയെന്നവണ്ണം ഇരുചക്ര വാഹനങ്ങൾ കനാലിൽ വീഴുന്നത് പതിവായി. ദുരന്തം വരുന്നതിന് മുമ്പായി പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.