സബ്സിഡി മാത്രം ലക്ഷ്യമിടുന്നവർ കാര്‍ഷിക മേഖലയുടെ ശാപം: സലിംകുമാര്‍
1580086
Thursday, July 31, 2025 5:18 AM IST
ജില്ലാ കാര്‍ഷിക മേളയ്ക്കു തുടക്കമായി
കൊച്ചി: സബ്സിഡി മാത്രം ലക്ഷ്യമിട്ട് കൃഷിയിലേക്ക് തിരിഞ്ഞവരാണ് സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ ശാപമെന്ന് നടന് സലിംകുമാര്‍. ലാഭത്തിനപ്പുറം കൃഷി തരുന്ന ആത്മസംതൃപ്തിയായിരിക്കണം ഓരോ കര്‍ഷകനും ലക്ഷ്യമാക്കേണ്ടതെന്നും ജില്ലാ കാര്‍ഷിക മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ കാര്‍ഷികമേളയില്‍ സെമിനാറുകള്‍, പ്രദര്‍ശന വിപണ മേളകള്‍, കലാപരിപാടികള്‍, ഫുഡ് കോര്‍ട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. വിപണന മേളയില്‍ പച്ചക്കറി തൈകള്‍, ഫലവൃക്ഷ തൈകള്‍, ജൈവവളങ്ങള്‍, വിവിധ കാര്‍ഷികോത്പ്പന്നങ്ങള്‍ എന്നിവ വാങ്ങാനുള്ള സൗകര്യമുണ്ട്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മനോജ് മൂത്തേടന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് പി.എസ്. സുജിത്ത് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. സിന്ധു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം.ജെ. സോമി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
നാളെ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉമാ തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനത്തില്‍ കര്‍ഷകര്‍ക്കുള്ള ജില്ലാ പഞ്ചായത്ത് അവാര്‍ഡ് വിതരണവും നടക്കും.