കുട്ടമ്പുഴ ആദിവാസി ഉന്നതിയിൽ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു
1580071
Thursday, July 31, 2025 5:00 AM IST
കോതമംഗലം: കുട്ടമ്പുഴ വനാന്തര ആദിവാസി ഉന്നതിയിൽ വാരിയത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്. മാണിക്കുടിയില്‍ താമസിക്കുന്ന സുരേഷ് കുപ്പുസ്വാമിയുടെ വീടാണ് ആനകൂട്ടം തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
സുരേഷും ഭാര്യയും കുട്ടിയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ആക്രമണത്തിന് ഏതാനും മിനിട്ട് മുമ്പ് വീടിന് സമീപം ആനയുടെ സാമീപ്യം മനസിലായ സുരേഷ് ഭാര്യയേയും കുട്ടിയേയും കൂട്ടി മറ്റൊരു വീട്ടില്‍ അഭയം തേടിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഇവര്‍ വീട്ടില്‍നിന്ന് പോയി ഏതാനും മിനിട്ടുകള്‍ക്കകം വീട് ആനകൂട്ടം ചവിട്ടിമെതിച്ചാണ് കടന്നുപോയത്. വീട്ടുസാധനങ്ങളടക്കം നശിപ്പിച്ചിരുന്നു.
മുളയും ഈറ്റയും ഉപയോഗിച്ച് നിര്‍മിച്ച വീടാകെ നിലംപത്തി. സമീപകാലത്ത് വാരിയം ഉന്നതിയില്‍ ആനശല്യം കൂടിയിരിക്കുകയാണ്. ഏതാനും മാസം മുമ്പ് മാണിക്കുടിയിലെ അങ്കണവാടിയുടെ ജനാലയും കമ്യൂണിറ്റി ഹാളിന്റെ ഷീറ്റും ഊരിലെ ഏക പലചരക്ക് കടയും ആനകൂട്ടം തകര്‍ത്തിരുന്നു.