കന്യാസ്ത്രീകളുടെ അറസ്റ്റ് : എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രതിഷേധ സംഗമം ഇന്ന്
1580057
Thursday, July 31, 2025 4:46 AM IST
അങ്കമാലി : ഛത്തീസ്ഗഡില്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു മലയാളി കന്യാസ്ത്രീമാർക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും അവർക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടും എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് അങ്കമാലിയില്‍ വന്‍ പ്രതിഷേധ സംഗമം നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. അതിരൂപതയിലെ വൈദികരും സിസ്റ്റര്‍മാരും സംഘടനാ പ്രവര്‍ത്തകരും അല്മായരും പങ്കെടുക്കും.
സംഗമത്തിന്റെ ഭാഗമായുള്ള പ്രതിഷേധാഗ്നി വൈകുന്നേരം അഞ്ചിന് അങ്കമാലി കിഴക്കേ പള്ളിയില്‍ നിന്ന് ആരംഭിച്ച്, കിഴക്കേ കപ്പേള വഴി ടൗണിലൂടെ അങ്കമാലി സെന്റ് ജോസഫ് സ്കൂള്‍ മൈതാനത്ത് സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന പ്രതിഷേധപരിപാടിയിൽ പതിനായിരത്തോളം പേര് പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഫാ. ലൂക്കോസ് കുന്നത്തൂര്‍, ഫാ. ജോണ്‍ ചെറുപള്ളി, സിസ്റ്റര്‍ ജെന്നിസ്, ഫാ. ജോസഫ് പാത്താടന്‍, ഷിജോ മാത്യു എന്നിവര്‍ അറിയിച്ചു.
അങ്കമാലി, കൊരട്ടി, കറുകുറ്റി, മൂഴിക്കുളം, മൂക്കന്നൂര്‍, മഞ്ഞപ്ര, വല്ലം, കാഞ്ഞൂര്‍ എന്നീ എട്ട് ഫൊറോനകളിലെ പള്ളികളില്‍ നിന്നുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.
ആലുവ സെന്റ് ഡൊമിനിക് പള്ളിയിൽ
ആലുവ: കന്യാസ്ത്രീകളെ ജയിലിൽ അടച്ച നടപടിയിൽ ആലുവ സെന്റ് ഡൊമിനിക് ഇടവക ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജന സേവനത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സിസ്റ്റർ പ്രീതി മേരിയേയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും എത്രയും വേഗം ജയിൽ മോചിതരാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്ന് സെന്റ് ഡൊമിനിക് പള്ളി വികാരി ഫാ. ജോസഫ് കരുമത്തി ആവശ്യപ്പെട്ടു.
പഴങ്ങനാട് പള്ളിയിൽ
കിഴക്കമ്പലം : കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനായി പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിലെ ഇടവക സമൂഹവും സമരിറ്റൻ ആശുപത്രിയിലെ കന്യാസ്ത്രീകളും മെഴുകുതിരി കത്തിച്ച് പ്രതിഷേധ റാലി നടത്തി. തുടർന്ന് ദേവാലയത്തിനു മുന്നിൽ പ്രതിഷേധക്കാർ ഒത്തുചേർന്നപ്പോൾ ഇടവക വികാരി റവ. ഡോ. പോൾ കൈപ്രമ്പാടൻ, വൈസ് ചെയർമാൻ സജി പോൾ എന്നിവർ സംസാരിച്ചു.
മൂത്തേടം പള്ളിയിൽ
മരട്: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റില്‍ മരട് മൂത്തേടം ഇടവക പ്രതിഷേധിച്ചു. പള്ളിയുടെ പ്രധാന കവാടത്തിന് മുന്നില്‍ ചേര്‍ന്ന പ്രതിഷേധ ധര്‍ണയില്‍ സഹവികാരി ഫാ. സുജിത് സാന്‍ലി നടുവിലവീട്ടില്‍, ഫാ. മിറാഷ് പുത്തന്‍പുരക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മേരിഗിരി പള്ളിയിൽ
കാലടി: മേരിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. ബാബു കളത്തിൽ, കൈക്കാരന്മാരായ ജോസ് തോട്ടക്കര, സെബി ചക്രംപിള്ളി, വൈസ് ചെയർമാൻ ജോളി മാടൻ, പാരിഷ് കൗൺസിൽ സെക്രട്ടറി ലൗലി മാർട്ടിൻ, വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിനോയ് ഇടശേരി, സിസ്റ്റർ റാണി ഗ്രേസ് എന്നിവർ സംസാരിച്ചു.
സെന്റ് മേരീസ് സുറിയാനി പള്ളിയിൽ
കൊച്ചി: പള്ളുരുത്തി സെന്റ് മേരീസ് സുറിയാനി പള്ളിയുടെ നേതൃത്വത്തില്‍ ധര്‍ണയും പ്രതിഷേധ യോഗവും നടത്തി. വികാരി ഫാ. മാത്യു കോനാട്ട്കുഴി ഉദ്ഘാടനം ചെയ്തു. മദര്‍ അഞ്ജലി ജോസ്, വര്‍ഗീസ് കല്ലുപറമ്പില്‍, ഡോ. തൊമ്മച്ചന് സേവ്യര്‍, റെജിമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുമ്പളങ്ങിയിൽ
ഫോർട്ടുകൊച്ചി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുമ്പളങ്ങി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരികൾ തെളിയിച്ച് ഐക്യദാർഡ്യം പ്രകടിപ്പിച്ചു.
ഇല്ലിക്കൽ കവലയിൽ നടന്ന പ്രതിഷേധത്തിൽ മണ്ഡലം പ്രസിഡന്റ് ജോൺ അലോഷ്യസ് മാളാട്ട് അധ്യക്ഷത വഹിച്ചു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി ഉദ്ഘാടനം ചെയ്തു.