ട്രെയിന്‍ ഇറങ്ങി വിമാനം കയറാം : നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന് നിര്‍മാണം ഡിസംബറില്‍
1580083
Thursday, July 31, 2025 5:18 AM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം റെയില്‍വേ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നു. സ്റ്റേഷന് നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും. സോളാര്‍ പാടത്തിന് സമീപത്തായാണ് പുതിയ റെയില്‍വേ സ്റ്റേഷന്. റെയില്‍വേ സ്റ്റേഷന്റെ പണി പൂര്‍ത്തിയാകുന്നതോടെ ട്രെയിനില്‍ എത്തുന്നവര്‍ക്കു ടാക്സികളെ ആശ്രയിക്കേണ്ടെന്ന പ്രത്യേകതയും ഉണ്ട്.
ആഭ്യന്തര, രാജ്യാന്തര ടൂറിസ്റ്റുകള്‍ക്കു ചെലവു കുറഞ്ഞ യാത്രാസൗകര്യമായി റെയില്‍വേ മാറും. വിമാനത്താവളം കേന്ദ്രീകരിച്ച് തൊഴില്‍- ബിസിനസ് അവസരങ്ങള്‍ക്കും റെയില്‍വേ സ്റ്റേഷന് അവസരമൊരുക്കും.
സ്റ്റേഷന് കെട്ടിടവും മുഴുനീള ഹൈ ലെവല്‍ പ്ലാറ്റ്ഫോം, ഫുട്ട്ഓവര്‍ബ്രിഡ്ജ്, പ്ലാറ്റ്ഫോമുകളിലേക്ക് ലിഫ്റ്റ് കണക്റ്റിവിറ്റി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടു കൂടിയ റെയില്‍വേ സ്റ്റേഷന് ആയിരിക്കും നിർമിക്കുക എന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. സിംഗ് ബെന്നി ബഹനാന് എംപിയെ രേഖാമൂലം അറിയിച്ചു.
വിമാനത്താവളത്തിലെ പുതിയ കാര്‍ഗോ വില്ലേജ് നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷന് സമീപത്താണ്. റെയില്‍വേ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കാര്‍ഗോ റെയില്‍ മാര്‍ഗം കുറഞ്ഞ ചെലവില്‍ എത്തിച്ചു വിമാനങ്ങളില്‍ കയറ്റി അയയ്ക്കാമെന്നതു കയറ്റിറക്കുമതിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. വിമാനത്താവളത്തിലെ കാര്‍ഗോ കയറ്റുമതി വര്‍ധിക്കുന്നതോടെ പ്രത്യേക കാര്‍ഗോ വിമാനങ്ങള്‍ വരെ എത്തിച്ചേരാനുള്ള സാധ്യതകളാണൂ തുറക്കുന്നത്.
2010 ല്‍ കരിയാട്–മറ്റൂര്‍ റോഡിലെ അകപ്പറമ്പ് റെയില്‍വേ ഗേറ്റിനോടു ചേര്‍ന്നുള്ള സ്ഥലമാണ് ആദ്യം പരിഗണിച്ചത്. നിലവില്‍ അതില്‍ നിന്നു 500 മീറ്ററോളം ആലുവ ഭാഗത്തേയ്ക്കു മാറിയുള്ള സ്ഥലമാണ് പിന്നീട് പരിഗണിച്ചത്. ഇവിടെയാകും പുതിയ റെയില്‍വേ സ്റ്റേഷന് ഉയരുക. 2010ല്‍ ഇതിനുള്ള പദ്ധതി തയാറാക്കി നിര്‍മാണത്തിന് അനുമതി ലഭിച്ചതാണ്.
ശിലാസ്ഥാപനവും നടത്തിയെങ്കിലും റെയില്‍വേ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ദക്ഷിണ റെയില്‍വേ വിഭാഗം പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് അന്ന് അധികൃതര്‍ വ്യക്തമാക്കിയത്.
പ്രീമിയം ട്രെയിനുകളുടെ സ്റ്റോപ്പിനായി ശ്രമം തുടരും
നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കും സമീപ സംസ്ഥാനത്തുനിന്നുള്ള യാത്രക്കാര്‍ക്കും ഏറെ സഹായകരമാകുന്ന ഇവിടെ പ്രീമിയം ട്രെയിനുകള്‍ക്ക് ഉള്‍പ്പെടെ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്ന് നടത്തുമെന്ന് ബെന്നി ബഹനാന് എംപി പറഞ്ഞു.